/indian-express-malayalam/media/media_files/uploads/2017/01/k-muraleedharan.jpg)
തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്കില്ലെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംഎൽഎ. പുതിയൊരാൾ നേതൃത്വത്തിലേക്ക് വരണം. ഗ്രൂപ്പിന് അതീതമായിട്ടു വേണം പ്രസിഡന്റിനെ തിരഞ്ഞെടുക്കേണ്ടത്. ഗ്രൂപ്പ് നോക്കി പ്രസിഡന്റിനെ തീരുമാനിച്ചാൽ ഉത്തർപ്രദേശിലെ സ്ഥിതിയായിരിക്കും കേരളത്തിലും ഉണ്ടാവുക. പാർട്ടി ഉണ്ടെങ്കിൽ അല്ലേ ഗ്രൂപ്പ് ഉണ്ടാവൂവെന്നും മുരളീധരൻ പറഞ്ഞു.
അധ്യക്ഷ സ്ഥാനത്തേക്ക് പുതിയൊരാൾ വരണമെന്നാണ് വ്യക്തിപരമായുള്ള എന്റെ അഭിപ്രായം. ഒരിക്കൽ ഞാൻ ആ സ്ഥാനത്തിരുന്നതാണ്. ചെയ്യാവുന്ന കാര്യങ്ങളൊക്കെ അന്നു ചെയ്തിട്ടുണ്ട്. ഇനി പുതിയൊരാൾ വരട്ടെ. സോണിയ ഗാന്ധി വിദേശത്തുനിന്നും തിരിച്ചെത്തിയാലുടൻ ചർച്ചകൾ തുടങ്ങും. ആർക്കാണ് താൽക്കാലിക ചുമതല നൽകേണ്ടത് എന്ന കാര്യത്തിൽ തീരുമാനം ഈ ആഴ്ചയുണ്ടാകുമെന്നും മുരളീധരൻ പറഞ്ഞു.
അതേസമയം, വി.എം.സുധീരന്റെ രാജിക്കുശേഷം കെപിസിസിയിലെ ബദൽ സംവിധാനത്തെക്കുറിച്ച് അവ്യക്തത തുടരുകയാണ്. ഡൽഹിയിൽനിന്നും ഇതുവരെ ഒരു സൂചനയും ലഭിച്ചിട്ടില്ല. പകരക്കാരൻ ആരെന്ന കാര്യത്തിൽ തീരുമാനം നീണ്ടുപോയാൽ വൈസ് പ്രസിഡന്റുമാരിൽ ഒരാളെ ചാർജ് ഏൽപിച്ചേക്കും. സീനിയോറിറ്റിയും എ വിഭാഗത്തിനുള്ള അവകാശവാദവും പരിഗണിച്ചാൽ എം.എം.ഹസനാണ് സാധ്യത കൂടുതലുളളത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.