കൊച്ചി: ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്നു മാറ്റാൻ നിർദേശിച്ചിട്ടില്ലെന്നു ഹൈക്കോടതി. തെറ്റായ രീതിയിലാണ് വാർത്തകൾ വന്നത്. സർക്കാരിന്റെ അവകാശത്തിൽ വിജിലൻസ് അമിതാധികാരം കാട്ടിയത് നിയന്ത്രിക്കാത്തതെന്തെന്ന് മാത്രമാണ് ചോദിച്ചതെന്നും കോടതി വ്യക്തമാക്കി.

ബജറ്റ് നിർദേശവുമായി ബന്ധപ്പെട്ട കേസാണു അന്ന് പരിഗണിച്ചത്. സർക്കാരിന്റെ അവകാശത്തിൽ വിജിലൻസ് അമിതാധികാരം ഉപയോഗിച്ചതായി കണ്ടെത്തി. ബജറ്റിന്മേലുളള പൂർണ അധികാരം സർക്കാരിനാണ്. ഇതിന്മേൽ വിജിലൻസിന് നടപടിയെടുക്കാൻ എന്ത് അധികാരമെന്നാണ് ചോദിച്ചത്. വിജിലൻസിന്റെ അമിതാധികാരത്തെ നിയന്ത്രിക്കാനും തിരുത്താനും എന്തുകൊണ്ട് സർക്കാർ തയാറാവുന്നില്ലെന്നാണ് ചോദിച്ചത്. വിജിലൻസിനെ നിലയ്ക്കു നിർത്താൻ സർക്കാർ എന്തിനാണ് ഭയപ്പെടുന്നത്. എന്നാൽ മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് ഈ വാർത്ത നൽകിയത്. വിജിലൻസ് ഡയറക്ടറെ മാറ്റാത്തതെന്തേ എന്നു കോടതി ചോദിച്ചതായി വാർത്തകൾ വന്നു. ഇതല്ല ശരിയായ മാധ്യമപ്രവർത്തനമെന്നും കോടതി പറഞ്ഞു.

ജേക്കബ് തോമസിനെതിരായ ധനകാര്യ സെക്രട്ടറിയുടെ റിപ്പോർട്ടിൻമേലുള്ള നടപടിയിൽ തീരുമാനമെടുക്കേണ്ടതു സർക്കാരാണ്. കോടതിക്ക് അതിൽ തീരുമാനമെടുക്കാനാവില്ല. ഇക്കാര്യത്തിൽ മൂന്നാഴ്ചയ്ക്കകം സർക്കാർ തീരുമാനമെടുക്കണമെന്നും കോടതി നിർദേശിച്ചു. ധനകാര്യസെക്രട്ടറിയുടെ റിപ്പോർട്ടിൽ നടപടിവേണമെന്ന ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

ജേക്കബ് തോമസിനെ വിജിലൻസ് ഡയറക്ടർ സ്ഥാനത്തുനിന്ന് മാറ്റി ഡിജിപി ലോക്‌നാഥ് ബെഹ്റയ്ക്ക് സർക്കാർ പകരം ചുമതല നൽകിയിരുന്നു. സർക്കാർ നിർദേശത്തെത്തുടർന്നാണ് ജേക്കബ് തോമസ് ഒരു മാസത്തെ അവധിയിൽ പ്രവേശിക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ