പമ്പ: ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായി തുടരുകയാണ്. നിരവധി പേരാണ് പ്രതിഷേധവുമായി പമ്പയിലും നിലയ്ക്കലും സമരം നടത്തുന്നത്. എന്നാല്‍ ഇതിനിടെ എല്ലാ പ്രതിഷേധക്കാരുടേയും കണ്ണു വെട്ടിച്ച് ഒരു യുവതി സന്നിധാനത്തെത്തി അയ്യപ്പനെ കണ്ട് മടങ്ങിയോ? ഈ സംശയത്തിലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ.

ശബരിമല നട തുറന്ന സമയത്തെ ചാനല്‍ ദൃശ്യങ്ങളാണ് സംശയത്തിന് തിരി കൊളുത്തിയിരിക്കുന്നത്. കറുപ്പുടുത്ത്, ഇരുമുടി കെട്ടേന്തിയ യുവതി പതിനെട്ടാം പടി ചവുട്ടി കയറി പോകുന്ന സ്ത്രീയുടെ വീഡിയോയാണ് ചര്‍ച്ചകൾക്ക് ആധാരം. എന്നാല്‍ ഇവരുടെ പ്രായമെത്രയെന്നോ ആരാണെന്നോ വ്യക്തമായിട്ടില്ല. ദൃശ്യങ്ങളില്‍ നിന്നും യുവതിയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. അങ്ങനെയെങ്കില്‍ ചരിത്രമായി മാറും ഇത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശിക്കാം എന്ന സുപ്രീം കോടതി വിധി വന്നതിന് ശേഷം ശബരിമലയിലെത്തുന്ന ആദ്യ യുവതിയായി മാറും ഇവര്‍. ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പുകളോ സ്ഥിരീകരണങ്ങളോ ലഭ്യമായിട്ടില്ല. പക്ഷെ ഇവരുടെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്. ശബരിമലയിലേക്ക് എത്തിയ ചേര്‍ത്തല സ്വദേശിയായ ലിബി, ആന്ധ്രാ സ്വദേശിയായ മാധവി എന്നീ യുവതികള്‍ ഇന്ന് സന്നിധാനത്തിലേക്ക് എത്താനായി വന്നെങ്കിലും പ്രതിഷേധങ്ങളെ തുടര്‍ന്ന് ഇരുവരേയും മടക്കി അയക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് നാളെ ഹര്‍ത്താല്‍ ആചരിക്കുമെന്ന് ശബരിമല കര്‍മസമിതി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറുവരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താലിന് എന്‍.ഡി.എ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

സമാധാനപരമായി പ്രക്ഷോഭം നടത്തിയ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തരെ പോലീസ് തല്ലിച്ചതച്ചതില്‍ പ്രതിഷേധിച്ച് വ്യാഴാഴ്ച ശബരിമല കര്‍മ്മ സമിതി നടത്തുന്ന ഹര്‍ത്താലിന് ദേശീയ ജനാധിപത്യ സഖ്യം (എന്‍.ഡി.എ) പിന്തുണ പ്രഖ്യാപിച്ചതായി നേതാക്കള്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പത്തനംതിട്ടയില്‍ എന്‍ഡിഎ ചെയര്‍മാന്‍ അഡ്വ.പി.എസ്.ശ്രീധരന്‍പിള്ള നടത്തിയ വാര്‍ത്താ സമ്മേളത്തിലാണ് ഇക്കാര്യം പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ അറിയിച്ചു. ഹര്‍ത്താല്‍ തികച്ചും സമാധാനപരമായിരക്കണം എന്ന് എന്‍ഡിഎ ആഹ്വാനം ചെയ്തിട്ടുണ്ട്.
സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ഭക്തജനങ്ങളെ പൊലീസ് അതിക്രൂരമായി തല്ലി ചതച്ചതില്‍ പ്രതിഷേധിച്ച് ഹര്‍ത്താലിന് പൂര്‍ണ്ണ പിന്തുണ പ്രഖ്യാപിക്കുന്നതെന്ന് ബിജെപി അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.