പാലക്കാട്: ധോണിയെ കുങ്കി ആനയാക്കുമെന്ന് പാലക്കാട് ഡിഎഫ്ഒ കുറ ശ്രീനിവാസ്. ധോണിക്ക് മാത്രമായി പാപ്പാനെ കണ്ടെത്തും. കൂട്ടിൽ കഴിയുന്ന ധോണിക്ക് ഇന്നു മുതൽ ഭക്ഷണം നൽകി തുടങ്ങും. വെറ്റിനറി ഡോക്ടർ നിർദേശിക്കുന്ന ഭക്ഷണമാണ് നൽകുക. ആനയ്ക്ക് വേണ്ടി പ്രത്യേക കുക്കിനെ കൂടി നിയമിക്കുമെന്നും ഡിഎഫ്ഒ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു
ഇന്നലെയാണ് ധോണി ജനവാസമേഖലയിലെ ജനങ്ങളുടെ പേടിസ്വപ്നമായ പിടി സെവൻ എന്ന കൊമ്പനാനയെ പിടികൂടിയത്. പിന്നാലെ നാടിനെ വിറപ്പിച്ച ഒറ്റയാന് ധോണി എന്ന പേരു നൽകുകയും ചെയ്തു.
ജനവാസകേന്ദ്രത്തിനും കാടിനും ഇടയിലായിരുന്നു പിടി സെവന്‍ ഉണ്ടായിരുന്നത്. ഏകദേശം 50 മീറ്റര്‍ ദൂരത്ത് നിന്നാണ് ഇന്നലെ രാവിലെ 7.10 ഓടെ മയക്കുവെടിവച്ചത്. ഇടത് ചെവിക്ക് താഴെയായാണ് മയക്കുവെടിയേറ്റത്. തുടര്‍ന്ന് കുങ്കിയാനകളുടെ സഹായത്തോടെയാണ് ലോറിയിലേക്ക് കയറ്റിയത്. ഫോറസ്റ്റ് ചീഫ് വെറ്ററിനറി സർജൻ ഡോ.അരുണ്‍ സക്കറിയയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആനയെ പിടികൂടിയത്.
നാലു വർഷമായി പാലക്കാട്ടെ ജനവാസമേഖലയിലെ സ്ഥിര സാന്നിധ്യമാണ് പിടി 7 എന്ന ഒറ്റക്കൊമ്പൻ. 2022 ജൂലൈ 8 എട്ടിന് പ്രഭാത സവാരിക്ക് ഇറങ്ങിയയാളെ ആന ചവിട്ടിക്കൊന്നിരുന്നു. നിരവധി പേർ തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ഏക്കർ കണക്കിനു കൃഷിയാണ് ഈ കാട്ടുകൊമ്പൻ നശിപ്പിച്ചത്.