scorecardresearch
Latest News

ധീരജ് വധം: മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു

തൊടുപുഴ: ഇടുക്കി ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രന്റെ മരണകാരണം നെഞ്ചിലേറ്റ ആഴത്തിലുള്ള മുറിവെന്ന് പോസ്റ്റ്മോര്‍ട്ടത്തിലെ പ്രാഥമിക റിപ്പോര്‍ട്ട്. ഇടത് നെഞ്ചിന് താഴെയായി മൂന്ന് സെന്റീമീറ്റര്‍ ആഴത്തിലാണ് കുത്തേറ്റത്. ഹൃദയത്തിലെ അറകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, ധീരജിനെ കുത്തി കൊലപ്പെടുത്തിയത് രാഷ്ട്രീയ വിരോധം മൂലമെന്ന് എഫ്ഐആർ. സംഭവത്തിൽ പിടിയിലായ യൂത്ത് കോൺഗ്രസ് വാഴത്തൊപ്പ് മണ്ഡലം പ്രസിഡന്റ് നിഖിൽ പൈലിയുടെയും ഒപ്പമുണ്ടായിരുന്ന ജെറിന്‍ ജോജോയുടെയും അറസ്റ്റ് രേഖപ്പെടുത്തി. ഇവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.

പെട്ടെന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. കേസിൽ ഗൂഢാലോചന നടന്നതായി കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഇടുക്കി എസ്‌പി മാധ്യമങ്ങളോട് പറഞ്ഞു. നിഖിൽ പൈലിയും ജെറിന്‍ ജോജോയും ഉൾപ്പെടെ ആറ് പേരെയാണ് എഫ്ഐആറിൽ പ്രതിചേർത്തിരിക്കുന്നതെന്ന് എസ്‌പി പറഞ്ഞു.

അതേസമയം, കേസിൽ കെഎസ്‍യു യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേൽ ഉൾപ്പെടെ രണ്ട് പേരെ കൂടി ഇന്ന് കസ്റ്റഡിയിലെടുത്തു. ഇവർക്ക് കേസിൽ പങ്കുണ്ടെന്ന നിഗമനത്തിലാണ് കസ്റ്റഡിയിൽ എടുത്തിരിക്കുന്നതെന്നാണ് വിവരം. ഇന്നലെ കസ്റ്റഡിയിൽ എടുത്ത ചില കെഎസ്‌യു പ്രവർത്തകരെ ചോദ്യം ചെയ്ത ശേഷം പൊലീസ് വിട്ടയച്ചിരുന്നു.

ഇന്നലെ കോളജ് തിരഞ്ഞെടുപ്പിനിടെ ഉച്ചയ്ക്കുണ്ടായ സംഘര്‍ഷത്തിലാണ് ധീരജ് രാജേന്ദ്രന് കുത്തേറ്റത്. ഏഴാം സെമസ്റ്റര്‍ ബി.ടെക് കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയായ ധീരജ് ഉള്‍പ്പെടെ മൂന്ന് വിദ്യാര്‍ഥികള്‍ക്കാണു കോളജിനു പുറത്തുണ്ടായ സംഘര്‍ഷത്തിനിയിൽ കുത്തേറ്റത്. മറ്റു രണ്ടുപേരും ഇടുക്കി മെഡിക്കൽ കോളേജ് ഐസിയുവിൽ ചികിത്സയിലാണ്.

Also Read: ധീരജിന്റെ സംസ്‌കാരം ഇന്ന്; മൃതദേഹം വിലാപയാത്രയായി കണ്ണൂരിലേക്ക്

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Dheeraj rajendran murder case fir two arrested

Best of Express