തൊടുപുഴ: ഇടുക്കി ഗവ എൻജിനീയറിങ് കോളേജ് വിദ്യാർത്ഥിയും എസ്എഫ്ഐ പ്രവർത്തകനുമായിരുന്ന ധീരജ് രാജേന്ദ്രനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി നീട്ടാനുള്ള അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. ഒന്നാം പ്രതി നിഖിൽ പൈലി, നാലാം പ്രതി നിതിൻ ലൂക്കോസ്, ആറാം പ്രതി സോയിമോൻ സണ്ണി എന്നിവരുടെ കസ്റ്റഡി കാലാവധി നീട്ടണമെന്നാവശ്യപ്പെട്ടാണ് പൊലീസ് അപേക്ഷ സമർപ്പിച്ചത്.
കേസിൽ ഒടുവിൽ പിടിയിലായ സോയ്മോൻ സണ്ണി ഒഴികെയുള്ള പ്രതികളെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്ത് തെളിവെടുപ്പ് നടത്തിയിരുന്നു. എന്നാൽ ധീരജിനെ കുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്താനായിരുന്നില്ല. ഇവരുടെ കസ്റ്റഡി കാലാവധികഴിഞ്ഞ ദിവസം അവസാനിക്കുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് മൂന്ന് പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകിയത്.
ഇവരെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി കത്തി കണ്ടെത്താനാണ് അന്വേഷണ സംഘം ശ്രമിക്കുന്നത്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇടുക്കി കലക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോട് പറഞ്ഞത്. ഇവിടെയും കോളേജിനു സമീപവുമായാണ് പൊലീസ് തെളിവെടുപ്പ് നടത്തിയത്.
Also Read: ദിലീപിന്റെ ചോദ്യം ചെയ്യൽ ഇന്നും തുടരും; വിചരണ നീട്ടണമെന്ന സർക്കാർ അപേക്ഷ സുപ്രീംകോടതി പരിഗണിക്കും