കണ്ണൂർ: ഇടുക്കി ഗവ. എൻജിനീയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജിന്റെ കൊലപാതകത്തെ കെ.സുധാകരൻ ന്യായീകരിക്കുകയാണെന്ന് ഡിവൈഎഫ്ഐ. കൊലപാതകത്തിൽ അറസ്റ്റിലായ നിഖിൽ പൈലി കെ.എസ്.ബ്രിഗേഡിന്റെ ഇടുക്കിയിലെ തലവനാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ വി.കെ.സനോജ് പറഞ്ഞു. കേരളത്തിൽ കലാപത്തിന് ആഹ്വാനം ചെയ്യുകയാണ് സുധാകരൻ ചെയ്യുന്നതെന്നും സനോജ് ആരോപിച്ചു.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോളേജിൽ സംഘർഷങ്ങൾ ഉണ്ടായിട്ടില്ല. വോട്ടെടുപ്പ് കഴിഞ്ഞ് വിദ്യാര്‍ഥികള്‍ പുറത്തിറങ്ങിയ സമയത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് നിഖില്‍ പൈലി ഗുണ്ടകളുമായെത്തി വിദ്യാര്‍ഥികളെ കുത്തിവീഴ്ത്തുകയായിരുന്നു. സംഘർഷത്തിന്റെ ഭാഗമാണിതെന്ന് പറയാനാവില്ല. പുറത്തു നിന്നെത്തിയവരാണ് അവർ. വളരെ ബോധപൂര്‍വം കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരെ കൊലപ്പെടുത്താനായാണ് അവരെത്തിയതെന്നും സനോജ് പറഞ്ഞു.
കേരളത്തെ ഞെട്ടിച്ച ഈ സംഭവത്തെ തള്ളിപ്പറയുന്നതിന് പകരം കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ കൊലപാതകത്തെ ന്യായീകരിക്കുകയും കൊലയാളികളെ സംരക്ഷിക്കാനുള്ള നിലപാടുമാണ് സ്വീകരിച്ചത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി കെ.സുധാകരന്‍ പ്രത്യേക ലക്ഷ്യം bച്ച് നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നമ്മള്‍ കാണുകയാണ്. സുധാകരന്‍ നേതൃത്വത്തില്‍ വന്നാലുള്ള അപകടം കണ്ണൂര്‍ ഡിസിസി അധ്യക്ഷനായിരുന്ന പി.രാമകൃഷ്ണന്‍ നേരത്തെ വെളിപ്പെടുത്തിയിട്ടുള്ളതാണ്. ആ അപകടമാണ് ഇപ്പോള്‍ സംഭവിക്കുന്നത്.
Also Read: ധീരജ് വധക്കേസ്: നിഖിലുമായി തെളിവെടുപ്പ് നടത്തി; കുത്തിയ കത്തി കണ്ടെത്താനായില്ല
കേരളത്തിലാകെ കലാപത്തിനുള്ള ആഹ്വാനം ചെയ്യുകയാണ്. ഇടുക്കിയിലെ സുധാകരന്‍ ബ്രിഗേഡിന്റെ തലവനാണ് നിഖില്‍ പൈലി. കൊലയാളികളെ പോലും നാണിപ്പിക്കുന്ന തരംതാണ പ്രചാരണങ്ങളാണ് കോൺഗ്രസ് നടത്തുന്നത്. പ്രതി കുറ്റം സമ്മതിച്ചിട്ടും നിഖിലിന്റെ കയ്യിൽ കത്തി ഉണ്ടായിരുന്നതിന് എന്താണ് തെളിവെന്നാണ് യൂത്ത് കോൺഗ്രസ് നേതാക്കൾ ചോദിക്കുന്നത്. ഇളം ചോര ദാഹിച്ച് നടക്കുന്ന ഡ്രാക്കുളകളായി കേരളത്തിലെ യൂത്ത് കോണ്‍ഗ്രസ് മാറികൊണ്ടിരിക്കുകയാണെന്നും ഡിവൈഎഫ്‌ഐ സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞു.
കേരളത്തിലെ ക്യാമ്പസുകളിൽ കൊല്ലപ്പെട്ടവരിൽ കൂടുതൽ കെഎസ്‌യുക്കാരാണെന്ന സുധാകരന്റെ വാദവും ഡിവൈഎഫ്ഐ തള്ളി. എസ്എഫ്ഐക്കാരന്‍റെ കൈ കൊണ്ട് കേരളത്തിലെ ക്യാമ്പസുകളില്‍ ഒരു വിദ്യാര്‍ത്ഥിയും മരിച്ചിട്ടില്ല. എന്നാല്‍ കെഎസ്‍യുക്കാര്‍ പ്രതികളായ നിരവധി കേസുകളുണ്ട്. കെഎസ്‍യുക്കാരനെ കെഎസ്‍യുക്കാരന്‍ തന്നെ കൊന്നിട്ടുണ്ട്. കെഎസ്‍യു കൊലയാളി സ്റ്റുഡന്റ് യൂണിയനായ ശേഷമാണ് കേരളത്തിലെ ക്യാമ്പസുകളില്‍ നിന്ന് അപ്രസക്തമായതെന്നും സനോജ് കൂട്ടിച്ചേർത്തു.