തൊടുപുഴ: ഇടുക്കി എൻജിനീയറിങ് കോളേജിലെ എസ്എഫ്ഐ പ്രവർത്തകൻ ധീരജിനെ കുത്തിക്കൊന്ന കേസിൽ ഒരാളെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു. കഞ്ഞിക്കുഴി പഞ്ചായത്ത് അംഗവും യൂത്ത് കോണ്‍ഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയുമായ സോയ്മോന്‍ സണ്ണിയാണ് അറസ്റ്റിലായത്.
ചേലച്ചുവട്ടിലെ വീട്ടിൽ നിന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി. നേരത്തെ അറസ്റ്റിലായ അഞ്ച് പ്രതികളെയും ഇന്നലെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. മുട്ടത്തെ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിച്ചത്.
ഒന്നാം പ്രതി നിഖിൽ പൈലി, രണ്ടാം പ്രതി ജെറിൻ ജോജോ എന്നിവരെ ഈ മാസം 22 വരെയും മൂന്നാം പ്രതി ജിതിന് ഉപ്പുമാക്കൽ, നാലാം പ്രതി ടോണി തേക്കിലക്കാടന്‍, അഞ്ചാം പ്രതി നിതിൻ എന്നിവരെ ഈ മാസം 21 വരെയുമാണ് കോടതി കസ്റ്റഡിയിൽ വിട്ടിരിക്കുന്നത്.
അതേസമയം, കേസിലെ പ്രതികളുമായി പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പ് നടത്തി. നിഖില്‍ പൈലി, ജെറിന് ജോജോ, ജിതിന് ഉപ്പുമാക്കൽ, ടോണി തേക്കിലക്കാടന്‍ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
ധീരജിനെ കുത്തിയ കത്തി കണ്ടെത്താൻ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കത്തിയടക്കമുള്ള പ്രധാന തെളിവുകള്‍ കണ്ടെത്തേണ്ടതുണ്ട്. ഓടി രക്ഷപ്പെടുന്നതിനിടയിൽ ഇടുക്കി കലക്ടറേറ്റിനു മുന്നിലുള്ള വനമേഖലയിൽ കത്തി ഉപേക്ഷിച്ചെന്നാണ് നിഖിൽ പൈലി പൊലീസിനോട് പറഞ്ഞത്. ഇവിടെ ഒരുതവണ പൊലീസ് പരിശോധന നടത്തിയെങ്കിലും കത്തി കണ്ടെത്താനായില്ല.
Also Read: കുട്ടികൾക്ക് സ്കൂളുകളിൽ വാക്സിനേഷൻ ഇന്നുമുതൽ