/indian-express-malayalam/media/media_files/uploads/2021/05/Dharmaja-Bolgatty.jpg)
കോഴിക്കോട്: ബാലുശേരി മണ്ഡലത്തിലെ കനത്ത തോല്‍വിക്കുപിന്നാലെ കെപിസിസി സെക്രട്ടറി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പരാതിയുമായി നടന്‍ ധര്‍മജന്‍ ബോള്‍ഗാട്ടി. കെപിസിസി സെക്രട്ടറിയും യുഡിഎഫ് മണ്ഡലം ഭാരവാഹിയും ചേര്‍ന്നു തന്റെ പേരില്‍ ലക്ഷങ്ങള്‍ പിരിച്ചെടുത്തെന്നും ഇത് തിരഞ്ഞെടുപ്പില്‍ ചെലവഴിച്ചില്ലെന്നും ചൂണ്ടിക്കാട്ടി ധര്‍മജന്‍ കെപിസിസി പ്രസിഡന്റിന് പരാതി നല്‍കി. ഇവരും തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.
ഉന്നയിച്ച കാര്യങ്ങള്‍ വളരെ കൃത്യമാണെന്നും തന്നെപ്പോലെ ഒരാള്‍ക്ക് വെറുതെ പരാതി പറഞ്ഞ് ആളാകേണ്ട കാര്യമില്ലെന്നും ധര്‍മജന്‍ ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു. വ്യക്തിവിദ്വേഷത്തിന്റെ പേരിലല്ല, മറിച്ച് കോണ്‍ഗ്രസുകാരന്‍ എന്ന നിലയിലുണ്ടായ വേദനയുടെ അടിസ്ഥാനത്തിലാണ് പരാതി നല്‍കിയത്. പ്രചാരണത്തില്‍ ഒപ്പം നിന്നുകൊണ്ട് നിസഹകരണം തോന്നാത്ത തരത്തില്‍ വളരെ നാടീകയമായിട്ടായിരുന്നു ഇരുവരുടെയും പെരുമാറ്റം. ഓരോ സ്ഥലത്തുനിന്നും പണം വാങ്ങിയത് താന്‍ അറിഞ്ഞിരുന്നതായും ധര്‍മജന്‍ പറഞ്ഞു.
കോണ്‍ഗ്രസുകാരന്‍ എന്ന നിലയ്ക്കു ദുഖവും വിഷമവുമുണ്ടാക്കിയ കാര്യമാണിത്. കെപിസിസി സെക്രട്ടറി എന്ന വലിയ പദവിയിലിരിക്കുന്ന അദ്ദേഹം കോഴിക്കോട് ഡിസിസി പ്രഡിന്റാവാന്‍ ശ്രമം നടത്തുന്നയാളുമാണ്. ഇത്തരം ആളുകളെയൊന്നും കോണ്‍ഗ്രസ് ചുമന്നു നടക്കേണ്ട കാര്യമില്ല. ഇങ്ങനെയുള്ളവര്‍ക്കെതിരെ എന്തെങ്കിലും നടപടിയല്ല, പുറത്താക്കണമെന്നാണ് ഞാന്‍ പറയുന്നത്. ഇവരെയൊന്നും വച്ച് ഈ പാര്‍ട്ടിയെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയില്ല, തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ കഴിയില്ല. പാര്‍ട്ടിയാണ് ഏറ്റവും വലുത്. അതുകഴിഞ്ഞേ വ്യക്തികളുള്ളൂ. അതുകൊണ്ടാണ് പരാതി നല്‍കിയത്.
Also Read: മാറ്റത്തിന്റെ കാറ്റ് കോൺഗ്രസിലും, വി.ഡി.സതീശൻ പ്രതിപക്ഷ നേതാവ്
തന്റെ തോല്‍വിയെന്നത് പച്ചയായ സത്യമാണ്. അത് അംഗീകരിക്കുന്നു. എന്നാല്‍ ആ തോല്‍വിക്ക് ഘടകകമായ കാര്യങ്ങള്‍ സഹിക്കാന്‍ പറ്റുന്ന കാര്യമല്ല. അല്ലാതെ അദ്ദേഹത്തോട് വ്യക്തിപരമായി ദേഷ്യമൊന്നുമില്ല. വ്യക്തിപരമായ കാര്യമല്ല പറയുന്നത്. അദ്ദേഹത്തെ പുറത്താക്കിയിട്ട് വീട്ടില്‍ സമാധാനമായി ഇരിക്കേണ്ട ആളൊന്നുമല്ല താന്‍. തിരെഞ്ഞെടുപ്പ് അവലോകന റിപ്പോര്‍ട്ട് നല്‍കാന്‍ കെപിസിസി ആവശ്യപ്പെട്ടിരുന്നു. അതിന്റെ കൂടെ പരാതി കൂടി നല്‍കുകയായിരുന്നു.
തന്റെ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ട് ബാലുശേരിയില്‍ ആദ്യം പ്രശ്‌നമുണ്ടാക്കിയവര്‍ തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചത്. പ്രസ്തുത കെപിസിസി സെക്രട്ടറിയുടെ പക്കല്‍ ഒരു സ്ഥാനാര്‍ഥിയുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കൈയില്‍നിന്ന് കെപിസിസി സെക്രട്ടറി കുറച്ച് പണമൊക്കെ കൈപ്പറ്റിയിരുന്നു. തിരഞ്ഞെടുപ്പിൽ താഴേക്കിടയിലുള്ള പ്രവര്‍ത്തകര്‍ മരിച്ചു പണിയെടുത്തു. കെപിസിസിയുടെ ഫണ്ട് ചെലവഴിക്കുകയെന്ന പണി മാത്രമാണ് നേതാക്കള്‍ ചെയ്തത്. പിന്നെ എന്റെ കൈയില്‍നിന്ന് എന്തെങ്കിലും കിട്ടുമോയെന്നും. സിനിമയിലുള്ള 100 പേരോട് ഓരോ ലക്ഷം രൂപ വാങ്ങിയാല്‍ തന്നെ ഒരു കോടി രൂപയായില്ലേ എന്നാണ് കെപിസിസി സെക്രട്ടറി എന്നോട് ചോദിച്ചത്. എന്നാല്‍ സിനിമയിലെ ആരോടും ഞാന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു പണം ചോദിച്ചിട്ടില്ല.
ഞാന്‍ അറിഞ്ഞില്ല, ഞാനൊരു മണ്ടനാണ് എന്ന തരത്തില്‍ കാര്യങ്ങള്‍ വരാന്‍ പാടില്ല. അതുകൊണ്ടാണ് പരാതി നല്‍കിയത്. ഞാന്‍ പണമിറക്കുമെന്ന പ്രതീക്ഷയിലായിരുന്നു അവര്‍. പൊതുസമൂഹത്തിനുവേണ്ടി എന്റെ വരുമാനത്തില്‍നിന്ന് തുക ചെലവഴിക്കുന്ന ആളാണ് ഞാന്‍. എന്നാല്‍ തിരഞ്ഞെടുപ്പില്‍ കാര്യങ്ങള്‍ നോക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. അല്ലാതെ എന്റെ കുടുംബത്തില്‍നിന്നല്ല തിരഞ്ഞെടുപ്പില്‍ ചിലവഴിക്കേണ്ടത്. ഞാന്‍ പേയ്‌മെന്റ് സീറ്റില്‍ വന്ന ആളല്ല. കോണ്‍ഗ്രസിനോട് സീറ്റ് ആവശ്യപ്പെട്ട് വന്ന ആളോ അല്ല.
Also Read: ഹൈക്കമാൻഡിൽ സതീശൻ, പ്രതിപക്ഷത്തിന്റെ പച്ചത്തുരുത്ത്
ഇത്ര വലിയ തോല്‍വി ഒരിക്കലും പ്രതീക്ഷിച്ചതല്ല. യഥാര്‍ഥ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ ഇത്ര വലിയ തോല്‍വി സംഭവിക്കുമായിരുന്നില്ല. പല പഞ്ചായത്തുകളിലും ലോക്‌സഭാ തിരഞ്ഞെടുപ്പിലുണ്ടായിരുന്ന ഭൂരിപക്ഷം തനിക്കു ലഭിച്ചില്ല. എംകെ രാഘവന്‍ എംപി ഉള്‍പ്പെടെയുള്ള നേതാക്കളൊന്നും ആത്മാര്‍ഥമായി പ്രവര്‍ത്തിചില്ല. കാണിക്കാന്‍വേണ്ടിയുള്ള പ്രവര്‍ത്തനമായിരുന്നു എല്ലാവരുടേതും. ഒരു മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ ജയിപ്പിക്കേണ്ടത് ജനപ്രതിനിധിയെന്ന നിലയില്‍ അദ്ദേഹത്തിന്റെയും കൂടി ഉത്തരവാദിത്തമാണ്. സിപിഎമ്മിലാണെങ്കില്‍ എംപിയോട് ചോദ്യം വരും എന്തുകൊണ്ട് ജയിപ്പിച്ചില്ലെന്ന്., ഞങ്ങളുടെ പാര്‍ട്ടിയില്‍ അതില്ല.
എതിര്‍സ്ഥാനാര്‍ഥിയുടെ തിരഞ്ഞെടുപ്പ് ചുമതല രണ്ടു മന്ത്രിമാര്‍ക്കായിരുന്നു. തന്റെ ചുമതല വഹിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ദേശീയനേതാക്കളൊന്നും ആ വഴി വന്നില്ല. വേണ്ടത്ര പരിഗണന കിട്ടിയില്ല. ശശി തരൂര്‍ പ്രചാരണത്തിനു വരുമെന്നു പറഞ്ഞിരുന്നെങ്കിലും സമയം കഴിഞ്ഞുപോയെന്നു പറഞ്ഞു. രാഹുല്‍ ഗാന്ധി മണ്ഡലത്തിന് അടുത്തുകൂടി പോയെങ്കിലും വന്നില്ല.
സ്ഥാനാര്‍ഥിയെന്ന നിലയില്‍ വലിയ അനുഭവമാണ് ഈ തിരഞ്ഞെടുപ്പ് നല്‍കിയത്. നിരവധി ആളുകളെ പരിചയപ്പെടാന്‍ കഴിഞ്ഞു. കോണ്‍ഗ്രസിലെ തലമുറ മാറ്റവും നേതൃമാറ്റവും നല്ലതിനാണെന്നു കരുതുന്നു. പ്രതിപക്ഷ നേതൃസ്ഥാനത്തേക്കുള്ള വിഡി സതീശന്റെ വരവ് പ്രതീക്ഷാര്‍ഹമാണെന്നും ധര്‍മജന്‍ പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.