കൊച്ചി: പാതയോരത്തെ അനധികൃത ഫ്ലക്സ് ബോർഡുകൾ മാറ്റാത്തവരിൽ നിന്ന് 10,000 രൂപ പിഴ ചുമത്താൻ ഉദ്ദേശിക്കുന്നതായി കോടതി. വ്യാഴാഴ്ച ഇക്കാര്യത്തിൽ ഉത്തരവ് പുറപ്പെടുവിക്കുമെന്ന് ജസ്റ്റീസ് ദേവൻ രാമചന്ദ്രൻ വ്യക്തമാക്കി. ഫ്ലക്സ് ബോർഡ് വച്ചവർ അത് 15 ദിവസത്തിനകം നീക്കണമെന്ന ജനുവരി 13 ലെ ഉത്തരവ് ഒരിടത്തും പാലിച്ചിട്ടില്ലന്നും കോടതി ചൂണ്ടിക്കാട്ടി.

നടപടി നിർദേശിച്ച് ഡിജിപി ഈ മാസം 8 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടും ഒരു നടപടിയും ആരുടെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ല. കേരളത്തിൽ എവിടെ തിരിഞ്ഞു നോക്കിയാലും ബോർഡുകളുടെ പ്രളയമാണ്. ബോർഡുകൾ സാമൂഹികമായ ഏതെങ്കിലും നന്മക്കു വേണ്ടിയല്ലെന്നും വ്യക്തികളുടെ സ്വകാര്യ അഹങ്കാരം വിളംബരം ചെയ്യാൻ ഉദ്ദേശിച്ചുള്ളതാണെന്നും കോടതി അഭിപ്രായപ്പെട്ടു.

സർക്കാർ ഇറക്കിയ പുതിയ സർക്കുലറിൽ പിഴ ചുമത്തുന്നതിനെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നും കോടതി പറഞ്ഞു. കോടതി ഉത്തരവ് നടപ്പാക്കാത്ത ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന നിർദേശത്തിൽ പുതിയ സർക്കുലർ മൗനം പാലിക്കുകയാണെന്ന് അമിക്കസ് ക്യൂറി ബോധിപ്പിച്ചു.

പാതയോരങ്ങളിൽ അനധികൃതമായി ഫ്ലക്സ് ബോർഡുകൾ സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ നിർദേശിച്ച് ഡിജിപിയുടെ സർക്കുലർ പുറത്തിറക്കി. ഇക്കാര്യം സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഹൈക്കോടതി ഉത്തരവുകളുടെ പശ്ചാത്തലത്തിലാണ് ഡിജിപിയുടെ നടപടി. അനുമതിയില്ലാത്ത ബോർഡുകളും ആർച്ചുകളും കൊടിതോരണങ്ങളും ബാനറുകളും നീക്കാൻ കമ്മീഷണറും ഉത്തരവിറക്കിയിരുന്നു.

അനുമതിയില്ലാത്ത ബോർഡുകളും ആർച്ചുകളും കൊടിതോരണങ്ങളും ബാനറുകളും നീക്കാൻ കമ്മീഷണറുടെ ഉത്തരവിൽ പറയുന്നു. പൊതു ശല്യമുണ്ടാക്കി എന്നതടക്കമുള്ള കേസുകളെടുത്ത് നിയമനടപടികളുമായി മുന്നോട്ടു പോകണമെന്നാണു ഡിജിപി നൽകിയിരിക്കുന്ന നിർദേശം.

ഫ്ലക്സ് ബോർഡുകൾ നീക്കം ചെയ്യണമെന്ന ഉത്തരവ് നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയതിന് സർക്കാരിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. ഫ്ലക്സ് നിരോധനം ഫലപ്രദമായി നടപ്പാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെടുന്നില്ലെന്ന് വിമര്‍ശിച്ച ഹൈക്കോടതി, കോടതി ഉത്തരവുകള്‍ നടപ്പാക്കാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെങ്കില്‍ അതെല്ലാം പിന്‍വലിക്കാന്‍ തയ്യാറാണെന്നും പറഞ്ഞു.

അനധികൃതമായി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ഭൂസംരക്ഷണ നിയമത്തിലെ വകുപ്പുകള്‍ കൂടി ചേര്‍ത്ത് കേസെടുക്കണമെന്നായിരുന്നു ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നിർദേശം. അനധികൃതമായി ഫ്ലക്സ്ബോർഡുകൾ സ്ഥാപിക്കുന്നവർക്ക് എതിരെ നടപടിയെടുക്കാൻ പൊലിസിന് അധികാരമുണ്ടെന്നും കോടതി വ്യക്തമാക്കിയിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.