/indian-express-malayalam/media/media_files/uploads/2017/04/pinarayi-senkumar.jpg)
തിരുവനന്തപുരം: സുപ്രീം കോടതിയിൽ അനുകൂല വിധി നേടി ഡിജിപി ആയി തിരികെയെത്തിയ ടിപി സെൻകുമാർ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. വൈകിട്ട് നാലരയ്ക്കാണ് ഡിജിപിക്ക് മുഖ്യമന്ത്രി സന്ദർശന സമയം അനുവദിച്ചത്. സെക്രട്ടേറിയേറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലാണ് കൂടിക്കാഴ്ച.
നേരത്തേ ഡിജിപി നിയമന വിവാദത്തിൽ മുഖ്യമന്ത്രിക്ക് ടിപി സെൻകുമാറിനോട് അതൃപ്തിയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഈ സർക്കാർ അധികാരത്തിലേറിയ ഉടൻ തന്നെ ക്രമസമാധാന ചുമതലയുള്ള ഡിജിപി സ്ഥാനത്ത് നിന്ന് ടിപി സെൻകുമാറിനെ മാറ്റിയിരുന്നു. ഇത് ലോക്നാഥ് ബെഹ്റയ്ക്ക് നൽകുകയാണ് ചെയ്തത്.
ഇതേ തുടർന്ന് നീണ്ട പതിനൊന്ന് മാസം നിയമയുദ്ധം നടത്തിയാണ് സെൻകുമാർ ഡിജിപി സ്ഥാനത്തേക്ക് തിരികെ എത്തിയത്. സർക്കാരുമായി നിയമപരമായി ഏറ്റുമുട്ടി വിജയം വരിച്ചതോടെ മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹത്തോട് അതൃപ്തിയുള്ളതായാണ് കരുതപ്പെടുന്നത്. ഈ സാഹചര്യത്തിൽ സർക്കാരും പൊലീസും രണ്ട് തട്ടിലാകുമോയെന്നാണ് ഇന്നത്തെ യോഗത്തിൽ ഉറ്റുനോക്കുന്നത്.
സെൻകുമാറുമായി ഇടഞ്ഞ് നിൽക്കുന്ന ചീഫ് സെക്രട്ടറി നളിനി നെറ്റോയും മുൻ ഡിജിപി ലോക്‌നാഥ് ബെഹ്റയും വെള്ളിയാഴ്ച രാത്രി മുഖ്യമന്ത്രി പിണറായി വിജയനെ ക്ലിഫ് ഹൗസിൽ സന്ദർശിച്ചിരുന്നു. സർക്കാരുമായി ഏറ്റുമുട്ടൽ ആഗ്രഹിക്കുന്നില്ലെന്ന് സ്ഥാനമേറ്റെടുത്ത ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ജൂൺ 30 നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.