തിരുവനന്തപുരം: പൊലീസിനുള്ളിൽ ക്രിമിനലുകളുടെ എണ്ണം വർധക്കുന്നു എന്ന് ടി.പി സെൻകുമാർ, ഐപിഎസ് തലത്തിലാണ് ക്രിമിനലുകളുടെ എണ്ണം കൂടുതൽ ഉള്ളതെന്നും ടി.പി സെൻകുമാർ തന്റെ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു. ഡിജിപിയായി തിരിച്ചെത്തിയ ശേഷം മുഖ്യമന്ത്രി പിണറായി വിജയനുമായി നല്ല ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു.

പൊലീസിന് ഭീഷണി സേനക്കുള്ളിൽ നിന്ന് തന്നെയാണ് എന്നും രാഷ്ട്രീയമായി നിക്ഷ്പക്ഷത പാലിക്കാത്ത ഉദ്യോഗസ്ഥർ സേനയിൽ ഉണ്ടെന്നും സെൻകുമാർ തുറന്നടിച്ചു. വിരമിക്കലിന് ശേഷം പൊതുരംഗത്ത് ഉണ്ടാകുമെന്നും ടി.പി സെൻകുമാർ വിടവാങ്ങൽ പ്രസംഗത്തിൽ പറഞ്ഞു.

എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തിയതിന് ശേഷം ഡിജിപി സ്ഥാനത്ത് നിന്ന് സെൻകുമാറിനെ നീക്കിയിരുന്നു. എന്നാൽ 11 മാസം നീണ്ട നിയമപോരാട്ടത്തിന് ശേഷം സുപ്രീംകോടതി വിധിയുടെ സഹായത്താൽ സെൻകുമാർ ഡിജിപി സ്ഥാനത്തേക്ക് തിരിച്ചെത്തുകയായിരുന്നു. 55 ദിവസം ഡിജിപി സ്ഥാനത്ത് ഇരുന്ന ശേഷമാണ് സെൻകുമാർ വിടവാങ്ങുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ