/indian-express-malayalam/media/media_files/uploads/2017/05/tp-senkumar.jpg)
തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി പൊലീസ് ആസ്ഥാനത്ത് നിന്ന് ആരും ഉത്തരവിറക്കരുതെന്ന് ഡിജിപി ടി.പി.സെൻകുമാർ. എഡിജിപി മുതൽ എഐജി വരെയുള്ള ഉദ്യോഗസ്ഥരാണ് ഇതുവരെ ഇത്തരത്തിൽ ഉത്തരവിറക്കിയിരുന്നത്. ഡിജിപി സ്ഥലത്തില്ലാത്ത സമയങ്ങളിലായിരുന്നു ഇത്. ഇതാണ് സംസ്ഥാന പൊലീസ് മേധാവിയായ ഡിജിപി ടി.പി.സെൻകുമാർ വിലക്കിയത്.
സംസ്ഥാന പൊലീസ് മേധാവിയായി ഡിജിപി ടി.പി.സെൻകുമാർ ചുമതലയേൽക്കുന്നതിന് തൊട്ട് മുൻപ് പൊലീസ് ആസ്ഥാനത്തടക്കം വലിയ അഴിച്ചുപണി ആഭ്യന്തര വകുപ്പ് നടത്തിയിരുന്നു. സംസ്ഥാന പൊലീസ് മേധാവിയുടെ വിശ്വസ്തരും അടുപ്പക്കാരുമായ എല്ലാ ഉദ്യോഗസ്ഥരെയും തിരുവനന്തപുരത്തിന് പുറത്തേക്ക് സംസ്ഥാന സർക്കാർ മാറ്റിയിരുന്നു.
ഇതിന് ശേഷം സംസ്ഥാന സർക്കാരിനോടും ആഭ്യന്തര വകുപ്പ് സെക്രട്ടറിയോടും അടുപ്പമുള്ള ഉദ്യോഗസ്ഥരെയാണ് പൊലീസ് ആസ്ഥാനത്ത് നിയമിച്ചത്. സേനയിൽ താഴേത്തട്ടിലെ പൊലീസ് കോൺസ്റ്റബിൾമാർ വരെയുള്ള ഉദ്യോഗസ്ഥരെ ബാധിക്കുന്ന ഉത്തരവ് ഇവർക്ക് ഇറക്കാമെന്നിരിക്കെ, ഇവരോടുള്ള അവിശ്വാസം മൂലമാണ് ടി.പി.സെൻകുമാർ ഇത്തരത്തിൽ ഉത്തരവിറക്കിയതെന്നാണ് ലഭിക്കുന്ന വിവരം.
മുൻ മന്ത്രിമാരായ നാല് പേർക്ക് പൊലീസ് സംരക്ഷണം നൽകാൻ എഡിജിപി ടോമിൻ തച്ചങ്കരി ഉത്തരവിട്ടിരുന്നു. കെ.സി.ജോസഫ്, വി.കെ.ഇബ്രാഹിംകുഞ്ഞ്, പി.കെ.ജയലക്ഷ്മി തുടങ്ങിയവർക്ക് രണ്ട് പൊലീസുകാരെ വീതം സുരക്ഷാ ചുമതലയിൽ നിർത്താനായിരുന്നു സംസ്ഥാന പൊലീസ് മേധാവിക്ക് വേണ്ടി എഡിജിപി ടോമിൻ തച്ചങ്കരി ഉത്തരവിട്ടത്.
എന്നാൽ ഈ ഉത്തരവ് നടപ്പിലായില്ല. ഒരു മുൻ മന്ത്രി ഇക്കാര്യം പൊലീസ് ആസ്ഥാനത്ത് വിളിച്ച് പരാതിപ്പെട്ടിരുന്നു. ഇതിന് പിന്നാലെ രണ്ട് പേരെ വീതം ഡ്യൂട്ടിക്ക് നിയമിക്കുകയും ചെയ്തു. ഇതിന് ശേഷമാണ് സംസ്ഥാന പൊലീസ് മേധാവി ടി.പി.സെൻകുമാർ ഉത്തരവിട്ടത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.