തിരുവനന്തപുരം: ഇലന്തൂർ ഇരട്ട നരബലി കേസിൽ കൂടുതൽ മരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് ഡിജിപി അനിൽകാന്ത്. കൂടുതൽ മൃതദ്ദേഹങ്ങളുണ്ടോയെന്ന് പരിശോധിക്കാൻ നിർദേശം നൽകിയതായും വിശദമായാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഇലന്തൂരിൽ ഇരട്ട നരബലി നടന്ന വീട്ടുവളപ്പിൽ കൂടുതൽ മൃതദേഹങ്ങളുണ്ടെന്നാണ് പൊലീസ് സംശയം. വീട്ടുവളപ്പിൽ കൂടുതൽ കുഴികളെടുത്ത് അന്വേഷണ സംഘം പരിശോധന നടത്തും. മൃതദേഹം കണ്ടെത്തുന്നതിൽ പരിശീലനം നേടിയ മായ, മർഫി എന്നീ നായകളും ജെസിബി അടക്കമുള്ള യന്ത്രസംവിധാനങ്ങളും ഉപയോഗിച്ചാണ് തിരച്ചിൽ.
മൂന്നു പ്രതികളെയും പൊലീസ് ചോദ്യം ചെയ്തതിൽനിന്നും കൂടുതൽ വിവരങ്ങൾ ശേഖരിച്ചിട്ടുണ്ടെങ്കിലും ധാരാളം പൊരുത്തക്കേടുകൾ ഉണ്ടെന്നാണ് പൊലീസ് നൽകുന്ന സൂചന. മുഖ്യപ്രതി ഷാഫി ചോദ്യം ചെയ്യലിനോട് ഇപ്പോഴും സഹകരിക്കുന്നില്ല. ഇയാളിൽനിന്നും ഇനിയും കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
എറണാകുളം ജില്ലയില്‍ നിന്ന് കാണാതായ രണ്ട് സത്രീകളാണ് നരബലിക്ക് ഇരയായത്. കാലടി സ്വദേശിയായ റോസ്ലിൻ, കടവന്ത്ര പൊന്നുരുന്നി സ്വദേശിയായ പത്മയുമാണ് കൊല്ലപ്പെട്ടത്.