തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയുടെ ഭാഗമായ കുത്തിയോട്ടത്തിനെതിരായ പരാമർശത്തിൽ ഉറച്ചു നിൽക്കുന്നുവെന്ന് ഡിജിപി ആർ.ശ്രീലേഖ. തന്റെ ബ്ലോഗ് വിവാദമാക്കേണ്ടതില്ലെന്നും ശ്രീലേഖ പറഞ്ഞു. ജയില്‍മേധാവിയായ ശ്രീലേഖ സ്വകാര്യ ബ്ളോഗിലെ ലേഖനത്തിലാണ് കുത്തിയോട്ടത്തെ വിമർശിച്ചത്.

കുത്തിയോട്ടം ആണ്‍കുട്ടികളോടുള്ള ശാരീരികവും മാനസികവുമായ പീഡനമാണെന്നാണ് ശ്രീലേഖ തന്റെ ബ്ലോഗിലൂടെ വിമർശിച്ചത്. കുട്ടികളുടെ അനുമതി പോലുമില്ലാതെയാണ് മാതാപിതാക്കളും ക്ഷേത്രഭാരവാഹികളും ചേർന്നു കുട്ടികളെ പീഡിപ്പിക്കുന്നത്. കുത്തിയോട്ടത്തെ ‘കുട്ടികളുടെ തടവറ’യെന്ന് വേണമെങ്കില്‍ വിശേഷിപ്പിക്കാമെന്നും ശ്രീലേഖ പറഞ്ഞിരുന്നു.

നിയമപ്രകാരം ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് കുത്തിയോട്ടം. ഉത്സവത്തിൽ നിന്ന് കുത്തിയോട്ടത്തെ ഒഴിവാക്കണമെന്നും ശ്രീലേഖ ആവശ്യപ്പെട്ടിരുന്നു. ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ആറ്റുകാല്‍ വിശ്വാസിയായ താന്‍ ഇത്തവണ പൊങ്കാല അര്‍പ്പിക്കില്ലെന്നും ശ്രീലേഖ വ്യക്തമാക്കിയിരുന്നു.

കുത്തിയോട്ടം വിവാദമായതോടെ ഇതേ കുറിച്ച് അന്വേഷിക്കാൻ ബാലവകാശ കമ്മീഷൻ തീരുമാനിച്ചു. ഈ വിഷയത്തിൽ ബാലാവകാശകമ്മീഷൻ സ്വമേധയാ കേസ്സെടുത്തു. കുത്തിയോട്ടത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കമ്മീഷൻ ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടു.

ഇതേ സമയം, കുത്തിയോട്ടവുമായി മുന്നോട്ട് പോകുമെന്ന് ക്ഷേത്രം ഭാരവാഹികൾ മാധ്യമങ്ങളോട് വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.