കോഴിക്കോട്: പൊലീസ് മേധാവിയുടെ ഉത്തരവ് അട്ടിമറിച്ച് പൊലീസ്. തുടർ വിദ്യാഭ്യാസ കലോത്സവത്തിന്രെ ഭാഗമായി കോഴിക്കോട് എത്തിയ ട്രാൻസ് ജെൻഡേഴ്സിനെ ക്രൂരമായി മർദ്ദിച്ച സംഭവത്തിലാണ് ഡി ജി പി ലോകനാഥ് ബെഹ്‌റയുടെ ഉത്തരവ് പൊലീസ് അട്ടിമറിച്ചത്.

ഇത് രണ്ട് മാസത്തിനുളളിൽ രണ്ടാം തവണയാണ് കോഴിക്കോട് എസ് ഐ മാർക്കെതിരുയുളള പരാതിയിൽ പൊലീസ് കേസ് അട്ടിമറിക്കുന്നുവെന്ന പരാതി ഉയരുന്നത്. നേരത്തെ മെഡിക്കൽ കോളജ് എസ് ഐയ്ക്കെതിരായ പരാതിയായിരുന്നുവെങ്കിൽ ഇത്തവണ അത് കസബ എസ് ഐയുടെ കാര്യത്തിലാണ്.

കോഴിക്കോട് വച്ച് രണ്ട് ദിവസം മുമ്പ് കസബ എസ് ഐയുടെ നേതൃത്വത്തിലാണ് ട്രാൻസ് ജെൻഡേഴ്സ് മർദ്ദിക്കപ്പെട്ടതെന്നാണ് പരാതി. ഇവർക്ക് മർദ്ദനമേറ്റതിനെ തുടർന്ന് പ്രതിഷേധം ശക്തമായപ്പോഴാണ് പൊലീസ് മേധാവി ഇടപെട്ടത്.

കോഴിക്കോട് തുടര്‍ വിദ്യാഭ്യാസ കലോത്സവത്തില്‍ പങ്കെടുക്കാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനെതിരെ പോലീസ് അതിക്രമം കാട്ടിയെന്ന പരാതി അന്വേഷിക്കുവാന്‍ കോഴിക്കോട് ഡി.സി.പി. മെറിന്‍ ജോസഫിനെ ചുമതലപ്പെടുത്തി സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബെഹറ ഇന്നലെ ഉത്തരവിട്ടു. .

സംഭവത്തിലുള്‍പ്പെട്ട കസബ എസ്.ഐ.ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തുവാനും സംസ്ഥാന പോലീസ് മേധാവി നിര്‍ദ്ദേശം നല്‍കി.

എന്നാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തപ്പോൾ എസ് ഐയുടെ പേര് ഒഴിവാക്കി കണ്ടാലറിയാവുന്നവർ എന്നാക്കി മാറ്റിയത് കേസ് അട്ടിമറിക്കാനെന്നാണ് ആരോപണം. പേര് പറഞ്ഞാണ് പരാതി നൽകിയതെന്നും എന്നാൽ പൊലീസ് എഫ് ഐ ആറിൽ അതൊഴിവാക്കിയിരിക്കുകയാണെന്നും മർദ്ദനമേറ്റവർ പറയുന്നു. ടൗൺ സ്റ്റേഷനിലെ പൊലീസുകാർ തങ്ങളെ ഭീഷണിപ്പെടുത്തിയതായും മർദ്ദനമേറ്റ ജാസ്മിൻ മാധ്യമങ്ങളോട് പറഞ്ഞു. എസ് ഐ സുജിത്തിൻെറ പേര് പറഞ്ഞിരുന്നുവെങ്കിലും പൊലീസ് അത് രേഖപ്പെടുത്തിയില്ലെന്നും അവർ ആരോപിച്ചു.

രണ്ട് മാസം ഒക്ടോബറിൽ കോഴിക്കോട് നഗരത്തിൽ രാത്രിയിൽ വീടിനടുത്ത് വനിതാ ഹോസ്റ്റലിന് സമീപം കണ്ടയാളെ എസ് ഐ ആണെന്ന് അറിയാതെ വിവരമന്വേഷിച്ച വിദ്യാർത്ഥിയെ പൊലീസ് മർദ്ദിച്ച സംഭവമുണ്ടായിരുന്നു. കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തെ വനിത ഹോസ്റ്റലിനടുത്തുള്ള ഇടവഴിയിലായിരുന്നു സംഭവം. കോഴിക്കോട് മെഡിക്കല്‍ കോളേജ് എസ്.ഐ ഹബീബുള്ളയ്ക്കെതിരായാണ് പരാതി ഉയർന്നത്. എന്നാൽ അന്നും വിദ്യാര്‍ത്ഥിയുടെ പരാതിയില്‍ നടക്കാവ് പൊലീസ് എസ്‌ഐക്കെതിരെ കേസ്സെടുത്തില്ലെന്നും പരാതി ഉയർന്നിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ