കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൂട്ടക്കൊലപാതക കേസ് അന്വേഷണം കേരള പൊലീസിന് വലിയ വെല്ലുവിളിയാണെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. കൂടത്തായിയിലെത്തി പൊന്നാമറ്റം വീട് സന്ദശിച്ചതിന് ശേഷം മാധ്യമങ്ങോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതുവരെയുള്ള കേസ് അന്വേഷണം തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
അന്വേഷണ സംഘത്തിൽ കൂടുതൽ ഉദ്യോഗസ്ഥരെ നിയമിക്കും. കേരള പൊലീസിലെ ഏറ്റവും സമർത്ഥരായ ഉദ്യോഗസ്ഥരെയായിരിക്കും നിയമിക്കുക. കൂടുതൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കണ്ടെത്താൻ ശ്രമിക്കുമെന്നും വിഷാംശം കണ്ടെത്താൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പറഞ്ഞ ഡിജിപി, വേണ്ടി വന്നാൽ വിദേശ ഫോറൻസിക് സഹായം ആവശ്യപ്പെടുമെന്നും വ്യക്തമാക്കി.
സംഭവ സ്ഥലങ്ങൾ സന്ദർശിച്ചതിനു ശേഷം വടകരയിലെ എസ്പി ഓഫീസിലെത്തും. റൂറൽ എസ്പി കെ.ജി സൈമണും അദ്ദേഹത്തോടൊപ്പമുണ്ട്. അന്വേഷണ ഉദ്യോഗസ്ഥരുമായി ഡിജിപി ചർച്ച നടത്തും.
അതേസമയം രണ്ടാം ഭർത്താവ് ഷാജുവിനേയും, ബിഎസ്എൻഎൽ ജീവനക്കാരനായ ജോൺസൺന്റെ ഭാര്യയേയും കൊല്ലാൻ താൻ പദ്ധതിയിട്ടിരുന്നതായി ജോളി പൊലീസിന് മൊഴി നൽകി. ജോൺസണെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചിരുന്നതായും ഇതിനായി ഭാര്യയെ കൊല്ലാൻ ശ്രമിച്ചതായും ജോളി പറഞ്ഞതായി റിപ്പോർട്ട്.
Read More: ജോളിയെ കൂവി വിളിച്ച് നാട്ടുകാര്‍; സയനൈഡ് തേടി പൊലീസ്
തെളിവെടുപ്പിനായി ജോളിയെ കഴിഞ്ഞ ദിവസം പൊന്നാമറ്റം വീട്ടിൽ എത്തിച്ചിരുന്നു. തെളിവെടുപ്പിൽ സയനൈഡ് എന്ന് സംശയിക്കുന്ന ഒരു പൊടി കണ്ടെത്തിയതായി സംശയിക്കുന്നു. പരിശോധനയ്ക്കായി ഇത് ഫോറൻസിക് ലാബിലേക്ക് അയച്ചിരിക്കുകയാണ്.
കനത്ത പൊലീസ് സുരക്ഷയിലാണു ജോളിയെ പൊന്നാമറ്റത്ത് എത്തിച്ചത്. എട്ട് പൊലീസ് വാഹനങ്ങളുടെ അകമ്പടിയോടെയാണു പ്രതികളെ കൂടത്തായിയിലേക്ക് എത്തിച്ചത്. ജോളിയെ വീടിനുള്ളിൽ ഇരുത്തിയാണു പൊലീസ് കാര്യങ്ങൾ ചോദിച്ചറിയുന്നത്. പുറത്തിറക്കിയാൽ ജനക്കൂട്ടം കൂടുതൽ പ്രകോപിതരാകും എന്നതിനാലാണിത്. ജോളി പറയുന്നതിനനുസരിച്ച് പൊലീസ് ഉദ്യോഗസ്ഥർ വിവിധ സ്ഥലങ്ങളിൽ പരിശോധന നടത്തുകയാണ്.
നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച് തന്നെയാണെന്ന് ജോളി ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി മനോരമ ന്യൂസും മാതൃഭൂമി ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. റൂറല്‍ എസ്പി കെ.ജി. സൈമണിന്റെ നേതൃത്വത്തിലുള്ള ചോദ്യം ചെയ്യലിനു ശേഷമുള്ള വിവരങ്ങളാണു മാധ്യമങ്ങള്‍ പുറത്തുവിട്ടത്.
അന്നമ്മയ്ക്കു നല്‍കിയത് കീടനാശിനിയാണെന്നാണു ജോളി മൊഴിനൽകിയതായാണു വിവരം. മറ്റ് നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ചാണ്. സിലിയുടെ മകള്‍ക്ക് സയനൈഡ് നല്‍കിയതായി ഓര്‍മയില്ല. ബാക്കിവന്ന സയനൈഡ് കളഞ്ഞെന്നും ജോളി മൊഴി നല്‍കിയതായാണ് റിപ്പോര്‍ട്ട്. കൂടുതല്‍ പേരെ കൊല്ലാന്‍ താന്‍ പദ്ധതിയിട്ടിരുന്നതായും ജോളി ചോദ്യം ചെയ്യലില്‍ പറഞ്ഞതായാണ് റിപ്പോര്‍ട്ട്.
ആദ്യ ഭര്‍ത്താവ് റോയിയെ കൊല്ലാന്‍ ജോളി തീരുമാനിച്ചതിനുള്ള കാരണങ്ങള്‍ പൊലീസ് നേരത്തെ വിശദീകരിച്ചിരുന്നു. ജോളിയുടെ കസ്റ്റഡി അപേക്ഷയിലാണ് നാല് കാരണങ്ങൾ പൊലീസ് പറഞ്ഞത്.
റോയിയുടെ മദ്യപാനശീലത്തിലും അന്ധവിശ്വാസങ്ങളിലും ജോളിക്ക് എതിര്‍പ്പുണ്ടായിരുന്നു. സ്ഥിരവരുമാനമുള്ളയാളെ വിവാഹം കഴിക്കാന്‍ ജോളി ആഗ്രഹിച്ചിരുന്നു. റോയിക്ക് സ്ഥിരവരുമാനം ഇല്ലായിരുന്നു. തന്റെ അവിഹിതബന്ധങ്ങള്‍ മറയ്ക്കാനുമാണു റോയിയെ കൊലപ്പെടുത്താന്‍ തീരുമാനിച്ചതെന്നു പൊലീസ് കസ്റ്റഡി അപേക്ഷയില്‍ പറഞ്ഞിരുന്നു.
മുഖ്യപ്രതിയായ ജോളി രണ്ടു കുട്ടികളെ കൂടി കൊല്ലാന്‍ ശ്രമിച്ചതായി അന്വേഷണ ഉദ്യോഗസ്ഥന് എസ്പി കെ.ജി.സൈമണ്‍ വെളിപ്പെടുത്തിയിരുന്നു. പൊന്നാമറ്റം കുടുംബത്തിലെയും കുടുംബവുമായി ബന്ധപ്പെട്ട മറ്റൊരു വീട്ടിലെയും കുട്ടിയെ കൊല്ലാന്‍ ജോളി ശ്രമിച്ചുവെന്നാണു പൊലീസ് പറയുന്നത്. ഇപ്പോള്‍ ജോളിയെ പിടികൂടിയത് നന്നായെന്നും ഇല്ലായിരുന്നെങ്കില്‍ സ്ഥിതി വളരെ മോശമാകുമായിരുന്നുവെന്നും എസ്പി കെ.ജി.സൈമണ്‍ പറഞ്ഞിരുന്നു.