തിരുവനന്തപുരം: പ്രമുഖ സംഗീജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണത്തില്‍ വിശദമായ അന്വേഷണം നടത്താൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റയുടെ ഉത്തരവ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ഡിജിപിയെ നേരിൽ കണ്ട് സംശയം ഉന്നയിച്ച സാഹചര്യത്തിലാണിത്.

അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ സി.കെ ഉണ്ണിയാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയത്. അപകടവുമായി ബന്ധപ്പെട്ട് മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ അടക്കമുള്ള കാര്യങ്ങളില്‍ സമഗ്രമായ അന്വേഷണം വേണമെന്നാണ് പരാതിയിലെ ആവശ്യം. പരാതിയുടെ പകർപ്പ് മുഖ്യമന്ത്രിക്കും നൽകിയിരുന്നു.

പാലക്കാട് പൂന്തോട്ട ആശുപത്രിയുമായി ബാലഭാസ്‌കറിന് ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിക്കണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം. തൃശൂരില്‍ നിന്നും പെട്ടെന്ന് തിരുവനന്തപുരത്തേക്ക് മടങ്ങാനുള്ള സാഹചര്യത്തെക്കുറിച്ചും കുടുംബം സംശയം ഉന്നയിച്ചിട്ടുണ്ട്.

തിരുവന്തപുരം പള്ളിപ്പുറത്ത് സിആര്‍പിഎഫ് ക്യാംപ് ജംഗ്ഷന് സമീപത്ത് വച്ച് സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ നാല് മണിയോടെയാണ് അപകടം സംഭവിച്ചത്. ബാലഭാസ്‌കറും മകൾ തേജസ്വിനിയും അപകടത്തിൽ മരിച്ചു. കാറിൽ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അർജുൻ, ഭാര്യ ലക്ഷ്മി എന്നിവരാണ് രക്ഷപ്പെട്ടത്. ലക്ഷ്മി ഗുരുതരാവസ്ഥയിൽ ദിവസങ്ങളോളം ആശുപത്രിയിൽ കിടന്നു.

അർജുന്റെ മൊഴിയും ലക്ഷ്മിയുടെ മൊഴിയും തമ്മിലാണ് വൈരുദ്ധ്യമുളളത്. അപകട സമയത്ത് ബാലഭാസ്‌കറാണ് വാഹനം ഓടിച്ചതെന്നാണ് അർജുന്റെ മൊഴിൽ താൻ പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ ബോധം ഉണർന്ന ലക്ഷ്മിയുടെ മൊഴി അനുസരിച്ച് അർജുനാണ് വാഹനം ഓടിച്ചത്. ബാലഭാസ്കർ പുറകിലെ സീറ്റിൽ ഉറങ്ങുകയായിരുന്നുവെന്ന് അവർ പറഞ്ഞു.

താനാണ് മുന്‍സീറ്റില്‍ ഇരുന്നിരുന്നതെന്നും ദീര്‍ഘദൂര യാത്രയില്‍ ബാലഭാസ്‌കര്‍ വാഹനം ഓടിക്കാറില്ലെന്നും ലക്ഷ്മിയുടെ മൊഴിയിലുണ്ട്. അടുത്ത ദിവസം സ്റ്റേജ് ഷോ ഉണ്ടായിരുന്നുവെന്നും അതിനാൽ ബാലഭാസ്‌കര്‍ പിന്‍സീറ്റില്‍ വിശ്രമിക്കുകയായിരുന്നുവെന്നുമാണ് ലക്ഷ്മിയുടെ മൊഴി.

തൃശ്ശൂരിൽ നിന്നും അപകടം നടന്ന സ്ഥലം വരെ അര്‍ജുനാണ് വാഹനം ഓടിച്ചതെന്ന് അവർ പറഞ്ഞതാണ് സംശയം ഉണർത്തിയത്. ലക്ഷ്മിയും മകളും മുന്‍സീറ്റിലായിരുന്നു. കൊല്ലത്ത് എത്തിയപ്പോൾ ഇവർ ഒരു കടയിൽ നിന്നും ഷേക്ക് കുടിച്ചു. ശേഷം വാഹനം ഓടിച്ചതും അർജുനാണ്. ലക്ഷ്മിയുടെ വീട്ടിലെത്തിയാണ് ആറ്റിങ്ങല്‍ ഡിവൈഎസ്പി മൊഴിയെടുത്തത്.

തൃശ്ശൂര്‍ മുതല്‍ കൊല്ലം വരെയാണ് താന്‍ വാഹനമോടിച്ചതെന്നും കൊല്ലത്ത് വാഹനം നിര്‍ത്തിയശേഷം പിന്നീട് ഓടിച്ചത് ബാലഭാസ്‌കര്‍ ആണെന്നുമാണ് അര്‍ജുന്റെ മൊഴി. കൊല്ലത്ത് വച്ച് താനും ബാലഭാസ്‌കറും കരിക്കിന്‍ ഷേക്ക് കുടിച്ചു. അതിന് ശേഷം താന്‍ പിന്‍സീറ്റിലിരുന്ന് ഉറങ്ങിപ്പോയെന്നും പിന്നീട് ബാലഭാസ്‌കറാണ് വണ്ടിയോടിച്ചതെന്നുമാണ് അദ്ദേഹത്തിന്റെ മൊഴി.

അപകടം സംഭവിച്ചപ്പോള്‍ തന്നെ മകള്‍ തേജസ്വനി മരിച്ചിരുന്നു. ഗുരുതരമായി പരുക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ഒക്ടോബര്‍ രണ്ടിന് പുലര്‍ച്ചെ ഒരുമണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.