തിരുവനന്തപുരം: പൊലീസിന് ലഭ്യമാക്കിയ ബിഎസ്എന്‍എല്‍ സേവനം ഫലപ്രദമല്ലെന്ന് കുറ്റപ്പെടുത്തി ഡിജിപി ലോക്നാഥ് ബെഹ്റ. പിങ്ക് പൊലീസിന്റെ 1515 എന്ന നമ്പറിലേക്ക് വിളിച്ചാല്‍ അവിടെയും ഇവിടെയുമാണ് ഫോണ്‍ സന്ദേശം പോകുന്നതെന്നും അദ്ദേഹം തന്റെ ഫെയ്സ്ബുക്ക് പേജിലൂടെ വിമര്‍ശിച്ചു.
തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, കണ്ണൂര്‍, കൊല്ലം, തൃശൂര്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന പിങ്ക് പൊലീസ് സംവിധാനത്തിലേക്ക് ബിഎസ്എന്‍എല്‍ അല്ലാത്ത സേവനദാതാക്കളില്‍ നിന്നും ഫോണ്‍ വിളിച്ചാല്‍ പലയിടത്തേക്കാണ് ഫോണ്‍ സന്ദേശം പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു.
Read More: ഹെൽപ് ചെയ്യാതെ സർക്കാർ; നട്ടം തിരിഞ്ഞ് വനിതാ ഹെല്‍പ്‌ലൈന്‍
ഈ നഗരങ്ങളിലെ നമ്മുടെ അമ്മമാര്‍ക്കും പെങ്ങന്മാര്‍ക്കും ഫലപ്രദമായി പിങ്ക് പൊലീസ് സംവിധാനം ഉപയോഗപ്പെടുത്താന്‍ ബിഎസ്എന്‍എല്‍ സാമൂഹ്യ പ്രതിബദ്ധത കാണിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മേല്‍പറഞ്ഞ നഗരങ്ങളില്‍ മാത്രമാണ് പിങ്ക് പൊലീസ് സംവിധാനം നിലവില്‍ ഉള്ളതെന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. മറ്റ് ജില്ലകളില്‍ നിന്നും 1515ലേക്ക് വിളിച്ചാല്‍ സേവനം ലഭ്യമാകില്ലെന്നും ബെഹ്റ സൂചിപ്പിച്ചു. എന്നാല്‍ ആലപ്പുഴയിലും കോട്ടയത്തും പിങ്ക് പൊലീസ് സംവിധാനം അടുത്ത് തന്നെ രൂപീകരിക്കും. കേരളത്തിലെ സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും സുരക്ഷയ്ക്കായി കേരള പൊലീസ് കൂടെ തന്നെയുണ്ടെന്നും ബെഹ്റ കൂട്ടിച്ചേര്‍ത്തു.