തിരുവനന്തപുരം: സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്റ ഉൾപ്പടെ മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ അവധിയിൽ. ഡിജിപിയ്ക്ക് പുറമെ ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാർ, ഹെഡ്ക്വർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം എന്നിവരാണ് അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. അയോധ്യ വിധി പ്രസ്താവിച്ചിരിക്കുന്ന സാഹചര്യത്തിലും ഈ ആഴ്ച ശബരിമല വിധി വരാനിരിക്കുന്ന സാഹചര്യത്തിലും സംസ്ഥാനത്ത് മൂന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ അവധി ക്രമസമാധാന പരിപാലനത്തെ എങ്ങനെ ബാധിക്കുമെന്ന ആശങ്കയുണ്ട്.

ചൊവ്വാഴ്ച മുതൽ മൂന്ന് ദിവസത്തേക്കാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ അവധിയിൽ പ്രവേശിക്കുന്നത്. ദുബായില്‍ ഔദ്യോഗിക പരിപാടിക്കായാണ് അദ്ദേഹം പോകുന്നത്. ക്രമസമാധാന ചുമതലയുള്ള എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിനാണ് പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇന്റലിജൻസ് എഡിജിപി ടി.കെ.വിനോദ് കുമാറും ഇന്ന് മുതലാണ് അവധിയിൽ പ്രവേശിക്കുന്നത്. അടുത്ത തിങ്ക്ലാഴ്ച വരെയാണ് ഇന്രലിജൻസ് എഡിജിപിയുടെ അവധി. സന്‍റഫ്രാന്‍സിസ്കോയില്‍ അമേരിക്കന്‍ സൊസൈറ്റി ഓഫ് ക്രിമിനോളജിയുടെ പരിപാടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം അവധിയില്‍ പോകുന്നത്. എഡിജിപി ഷേഖ് ദര്‍വേസ് സാഹിബിന് തന്നെയാണ് പകരം ചുമതല.

Also Read: രാജ്യത്ത് സ്ത്രീകള്‍ അഴിഞ്ഞാടുന്നു, പുരുഷന്‍മാര്‍ക്ക് ജീവിക്കാന്‍ പറ്റാത്ത അവസ്ഥ; പി.സി.ജോര്‍ജിന്റെ പരാമര്‍ശം വിവാദത്തില്‍

ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കുന്നതിന് ഫ്രാൻസിൽ പോകുന്നതിനാണ് ഹെഡ്ക്വർട്ടേഴ്സ് എഡിജിപി മനോജ് എബ്രഹാം അവധിയിൽ പ്രവേശിച്ചിരിക്കുന്നത്. എഡിജിപി മടങ്ങി വരുന്ന ഞായറാഴ്ച വരെ അവധിയിലാണ് ഹെഡ്ക്വാര്‍ട്ടേഴ്സ് ഐജിക്കാണ് ചുമതല.

Also Read: അയോധ്യ: കാസർഗോട്ടെ 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ നവംബർ 14 വരെ നിരോധനാജ്ഞ

അതേസമയം അയോധ്യ വിധിയുടെ പശ്ചാത്തലത്തിൽ കാസർഗോഡ് ജില്ലയിലെ 9 പൊലീസ് സ്റ്റേഷൻ പരിധികളിൽ നിരോധനാജ്ഞ. മഞ്ചേശ്വരം, കുമ്പള, കാസർഗോഡ്, വിദ്യാനഗർ, മേൽപറമ്പ്, ബേക്കൽ, നീലേശ്വരം, ചന്ദേര, ഹൊസ്ദുർഗ് എന്നീ പൊലീസ് സ്റ്റേഷൻ പരിധികളിലാണ് നവംബർ 14 വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. കേരളാ പൊലീസ് ആക്ട് 78, 79 പ്രകാരം ജില്ലാ പൊലീസ് മേധാവി നിരോധനാജ്ഞ 14-ാം തീയതി 12 മണിവരെ തുടരും.

അയോധ്യ വിധിയുടെപശ്ചാത്തലത്തിൽ ചില സംഘടനകൾ സംഘർഷം ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ഇൻറലിജൻസ് റിപ്പോർട്ട്. ഇത് കണക്കിലെടുത്താണ് ജില്ലയിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ മഞ്ചേശ്വരം, കുമ്പള, കാസർഗോഡ് ഹൊസ്ദുർഗ്,ചന്ദേര സ്റ്റേഷൻ പരിധികളിൽ മാത്രമാണ് നേരത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നത്. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം പിൻവലിക്കുകയും ചെയ്തിരുന്നു. എന്നാൽ സുരക്ഷ ഭീഷണിയുടെ പശ്ചാത്തലത്തിൽ വീണ്ടും നിരോധനാജ്ഞ ഏർപ്പെടുത്താൻ ജില്ലാ പൊലീസ് തീരുമാനിക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.