തിരുവനന്തപുരം: കേരളത്തിൽ ഇതുവരെ ലൗ ജിഹാദിന്റെ സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. നേരത്തേ പ്രമുഖ പത്രങ്ങളിലും ലോക്നാഥ് ബെഹ്റയുടേതായി വന്ന പരാമർശത്തെ തള്ളിക്കളഞ്ഞാണ് കേരള പൊലീസ് ഇൻഫർമേഷൻ സെന്റർ വഴി ഔദ്യോഗിക പത്രക്കുറിപ്പ് പുറത്തിറക്കിയത്.

“കേരളത്തിൽ ലൗ ജിഹാദ് പ്രവർത്തിക്കുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ പറഞ്ഞതായ വാർത്ത തെറ്റാണ്. ചില മാധ്യമങ്ങളിൽ ഈ വാർത്ത കണ്ടു. ഇത്തരമൊരു പ്രസ്താവന താൻ നൽകിയിട്ടില്ല.” ഡിജിപി പത്രക്കുറിപ്പിൽ പറയുന്നു.

“നേരത്തേ സുപ്രീം കോടതിയിൽ ഇത് സംബന്ധിച്ച ആരോപണങ്ങൾ ഉന്നയിക്കപ്പെട്ടിരുന്നു. അതേത്തുടർന്ന് ഇക്കാര്യത്തിൽ അന്വേഷണം നടത്താൻ സുപ്രീം കോടതി ഉത്തരവിട്ടിട്ടുണ്ട്. ഞങ്ങൾ ഇതുവരെ നടത്തിയ അന്വേഷണത്തിൽ ഇത്തരത്തിലൊരു ആരോപണത്തെ സാധൂകരിക്കുന്ന യാതൊന്നും കണ്ടെത്തിയിട്ടില്ല” ഡിജിപി വ്യക്തമാക്കി.

ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ അന്വേഷണം അവസാനിപ്പിച്ചിട്ടില്ലെന്നും പൊലീസ് മേധാവി വിശദീകരിച്ചു. “ഇത്തരമൊരു ആരോപണം നിലനിൽക്കുന്ന സാഹചര്യത്തിൽ നിരന്തരം ഇത് സംബന്ധിച്ച നിരീക്ഷണം നടത്തുന്നുണ്ട്”, ഇക്കാര്യമാണ് താൻ മുൻപും പറഞ്ഞതെന്നും ഡിജിപി ലോക്നാഥ് ബെഹ്റ വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ