തിരുവനന്തപുരം: സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി രംഗത്ത് വന്ന മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിന്റെ സസ്പെൻഷൻ നീട്ടി. നാല് മാസത്തേക്കാണ് സസ്പെൻഷൻ കാലാവധി നീട്ടിയിരിക്കുന്നത്. ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ ശുപാർശ മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കുകയായിരുന്നു.
വകുപ്പ്തല അന്വേഷണം പൂർത്തിയാകാത്ത സാഹചര്യത്തിലാണ് സസ്പെൻഷൻ നീട്ടിയത്. സർക്കാരിനെ വിമർശിച്ചു എന്ന് ചൂണ്ടികാട്ടി ആദ്യം ജേക്കബ് തോമസിനെ സസ്പെൻഡ് ചെയ്തിരുന്നെങ്കിലും കേന്ദ്രം ഇത് തടഞ്ഞിരുന്നു. തുടർന്ന് അനുവാദമില്ലാതെ പുസ്തകം എഴുതി എന്ന കാരണത്താലാണ് അദ്ദേഹത്തെ സസ്പെൻഡ് ചെയ്തത്. ഇതുമായി ബന്ധപ്പെട്ടാണ് വകുപ്പ്തല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടത്.
കഴിഞ്ഞ ഡിസംബറിൽ വിജിലൻസ് ഡയറക്ടറായിരുന്ന സമയത്താണ് ജേക്കബ് തോമസിനെ സസ്പെന്റ് ചെയ്തത്. ഐ.പി.എസ് ഉദ്യോഗസ്ഥരെ ഒരുവർഷം വരെ മാത്രമേ സംസ്ഥാന സർക്കാരുകൾക്ക് സസ്പെന്റ് ചെയ്യാൻ സാധിക്കൂ. ഇതിന് ശേഷം സസ്പെൻഷൻ നീട്ടണമെങ്കിൽ കേന്ദ്ര സർക്കാരിന്റെ അനുമതി വേണം. അത്കൊണ്ട് തന്നെ ഈ നാല് മാസ കാലാവധി കഴിഞ്ഞാൽ ജേക്കബ് തോമസിന്റെ സസ്പെൻഷൻ വീണ്ടും നീട്ടാൻ കേരള സർക്കാരിന് സാധിക്കില്ല.
കഴിഞ്ഞവർഷം ഗാന്ധി സ്മാരക സമിതി സംഘടിപ്പിച്ച സംവാദത്തിലായിരുന്നു ജേക്കബ് തോമസിന്റെ വിവാദ പരാമർശം. ‘കേരളത്തിലെ ഭരണസംവിധാനത്തിലെ വിവിധ താത്പര്യങ്ങൾ’ എന്ന വിഷയത്തിൽ നടന്ന സംവാദം ഉദ്ഘാടനം ചെയ്ത അദ്ദേഹം, ‘സംസ്ഥാനത്ത് നിയമ വാഴ്ച പൂർണ്ണമായും തകർന്നു’ എന്ന് പറഞ്ഞിരുന്നു. മാപ്പ് അർഹിക്കാത്ത തെറ്റാണ് ജേക്കബ് തോമസിന്റെ പ്രസ്താവനയെന്ന് സർക്കാർ നേരത്തെ കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.
ജേക്കബ് തോമസ് അച്ചടക്കമില്ലാത്ത ഉദ്യോഗസ്ഥനാണെന്ന രൂക്ഷ വിമർശനം കേരള ഹൈക്കോടതിയും ഭാഗത്തുനിന്നും ഉയർന്നിരുന്നു. സത്യത്തിന്റെ മുഖം സ്വീവേജ് പൈപ്പ് പോലെയെന്നായിരുന്നു കോടതി വിമർശനത്തിന് അദ്ദേഹത്തിന്റെ മറുപടി. സസ്പെൻഷൻ കാലത്തും സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി പലവട്ടം അദ്ദേഹം രംഗത്തെത്തിയിട്ടുണ്ട്.