തിരുവനന്തപുരം: എംഎല്‍എ പികെ ശശിക്കെതിരായ പീഡന ആരോപണത്തില്‍ ഡിജിപി ലോക്‌നാഥ് ബെ്ഹ്‌റ നിയമോപദേശം തേടി. പെണ്‍കുട്ടിക്ക് നേരിട്ട് പരാതി നല്‍കാന്‍ കഴിയാത്തതിനാല്‍ തുടര്‍നടപടികളുടെ സാധ്യത പരിശോധിക്കാനാണ് നിയമോപദേശം തേടിയത്. വിഷയത്തില്‍ കെഎസ്‌യുവും യുവമോര്‍ച്ചയും ഡിജിപിക്ക് പരാതി നല്‍കിയിരുന്നു.

അതേസമയം, പരാതി കിട്ടിയാല്‍ വനിതാ കമ്മീഷന്‍ അന്വേഷിക്കുമെന്നും. കേസില്‍ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങില്ലെന്നും എം.സി ജോസഫൈന്‍ പറഞ്ഞു. എംഎല്‍എയ്ക്കെതിരായ പരാതി പെണ്‍കുട്ടി നിയമസ്ഥാപനങ്ങള്‍ക്ക് നല്‍കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം.സി ജോസഫൈന്‍ പറഞ്ഞു.

ആര്‍ക്കും കമ്മീഷന്‍ രാഷ്ട്രീയ പരിഗണന നല്‍കില്ലെന്നും ജോസഫൈന്‍ വ്യക്തമാക്കി. പരാതിയില്‍ ഇടപെടാന്‍ കഴിയില്ലെന്ന എം.സി ജോസഫൈന്റെ പ്രസ്താവന നേരത്തെ വിവാദത്തിന് വഴിവെച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ജോസഫൈന്‍ വിശദീകരണവുമായി രംഗത്തെത്തിയത്.

ആരോപണത്തില്‍ കെഎസ്‌യുവും യുവമോര്‍ച്ചയും നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ റേഞ്ച് ഐജി എം.ആര്‍. അജിത്കുമാറിന് ഡിജിപി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ ചുമതല വഹിക്കുന്ന മലപ്പുറം ജില്ലാ പൊലീസ് മേധാവി പ്രതീഷ്‌കുമാറിന് ഉത്തരവ് കൈമാറി.

ആരോപണം ഉന്നയിച്ച പെണ്‍കുട്ടിയുടെയോ കുടുംബത്തിന്റെയോ പരാതി ഇതുവരെ പൊലീസിന് ലഭിച്ചിട്ടില്ലെന്നും മാധ്യമ വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ പ്രാഥമികാന്വേഷണം നടത്തി ഐജിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും പ്രതീഷ്‌കുമാര്‍ വ്യക്തമാക്കി.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ