പത്തനംതിട്ട: മണ്ഡല മകരവിളക്ക് കാലം ആരംഭിക്കാനിരിക്കെ ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങളുമായി പൊലീസ്. ശബരിമലയിലേക്ക് എത്തുന്ന എല്ലാ വാഹനങ്ങൾക്കും പാസ് നിർബന്ധമാക്കി. തീർത്ഥാടകർ അവരുടെ സ്വന്തം സ്ഥലത്തെ പൊലീസ് സ്റ്റേഷനുകളിൽ നിന്ന് വേണം പാസ് വാങ്ങുവാൻ.

പൊലീസിന്റെ പാസ് പതിപ്പിക്കാത്ത വാഹനങ്ങൾക്ക് നിലയ്ക്കലിൽ പാർക്കിങ് അനുവദിക്കില്ല. പ്രളയത്തെ തുടര്‍ന്ന് ശബരിമലയിലെ പാര്‍ക്കിങ് പൂർണമായും നിലയ്ക്കലിലേക്ക് മാറ്റിയിരുന്നു.

തീര്‍ഥാടന കാലത്ത് പ്രവര്‍ത്തിക്കുന്ന തൽക്കാലിക കടകളിലെ ഉൾപ്പടെ എല്ലാ ജോലിക്കാര്‍ക്കും തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. തുലാമാസ പൂജകൾക്കായും ചിത്തിര ആട്ടത്തിരുന്നാൾ വിശേഷാൽ പൂജയ്ക്കായും ശബരിമല നട തുടർന്നപ്പോൾ ഉണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ് നടപടി.

അതേസമയം, സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ മണ്ഡല മകരവിളക്ക് കാലത്ത് ശബരിമലയിൽ കൂടുതൽ യുവതികൾ എത്തുമെന്ന് റിപ്പോർട്ട്. 550ൽ അധികം യുവതികളാണ് ശബരിമല ദർശനത്തിനായി ഓൺലൈൻ പോർട്ടൽ സംവിധാനം വഴി ബുക്ക് ചെയ്തിരിക്കുന്നത്. ഇതോടെ മണ്ഡലകാലത്ത് ശബരിമല ദർശനത്തിനായി കൂടുതൽ സ്ത്രീകൾ എത്തുമെന്ന് ഉറപ്പായി കഴിഞ്ഞു.

മൂന്നര ലക്ഷത്തോളം പേരാണ് ഇതിനോടകം മണ്ഡലകാലത്തേക്കായി പോർട്ടലിൽ ബുക്ക് ചെയ്‌തിരിക്കുന്നത്. ഇതിൽ 550 പേരും 10 നും 50 നും വയസിന് ഇടയിൽ പ്രായുള്ളവരാണ്. ഇത് സംബന്ധിച്ച റിപ്പോർട്ട് പൊലീസ് ഐടി സെൽ ഡിജിപിക്ക് കൈമാറി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.