/indian-express-malayalam/media/media_files/uploads/2017/08/VR-premkumarOut.jpg)
തിരുവനന്തപുരം: ദേവികുളം സബ് കലക്ടർ വി ആർ പ്രേംകുമാറിനെ സ്ഥലംമാറ്റി സർക്കാർ ഉത്തരവ്.
ശബരിമലയുടെ ചുമതലയുള്ള അസ്സിസ്റ്റന്റ് ജില്ല മജിസ്ട്രേറ്റായിട്ടാണ് പുതിയ നിയമനം. ശബരിമല ഉത്സവവുമായി ബന്ധപ്പെട്ട് ശബരിമല, പമ്പ, നിലയ്ക്കൽ എന്നീ സ്ഥലങ്ങളിലെ സർക്കാർ വകുപ്പുകളുടെ ചുമതലയാകും വി ആർ പ്രേംകുമാറിന്.
തൃശ്ശൂർ സബ് കലക്ടർ രേണു രാജ് പുതിയ ദേവികുളം സബ് കലക്ടറായി ചുമതലയെറ്റെടുക്കും.
എന്നാൽ ഭൂമാഫിയക്കെതിരെ നടപടി സ്വീകരിച്ചതിന്റെ ഭാഗമായാണ് പ്രേംകുമാറിന്റെ സ്ഥലമാറ്റമെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. പ്രളയത്തിന്റെ സമയത്ത് മൂന്നാറിലുണ്ടായ ഉരുൾ പൊട്ടലുകളുടെ പശ്ചാതലത്തിൽ ഭൂമാഫിയക്കെതിരെ കർശന നടപടികളുമായി മുമ്പോട്ട് പോവുകയായിരുന്നു വി ആർ പ്രേംകുമാർ.
നേരത്തെ 2017ൽ സൂര്യനെല്ലിക്ക് സമീപം പാപ്പാത്തി ചോലയിൽ ഭൂമി കയ്യേറ്റം ഒഴിപ്പിച്ചതിന് ശ്രീറാം വെങ്കിട്ടരാമനെയും സമാന രീതിയിൽ സ്ഥലം മാറ്റിയിരുന്നു. സിപിഎം ജില്ലാ നേതൃത്വത്തിന്റെ താത്പര്യങ്ങൾക്ക് വഴങ്ങാതിരുന്നതിനാൽ അദ്ദേഹത്തെ വ്യക്തിപരമായി ആക്ഷേപിച്ചും മുഖ്യമന്ത്രിക്ക് മേൽ സമ്മർദ്ദം ചെലുത്തിയാണ് അന്ന് ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്.
യുവതി പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയോടെ ശബരിമലയും പരിസരവും സംഘര്‍ഷ മേഖലയായി മാറിയ സാഹചര്യത്തിലാണ് നടപടിയെന്നാണ് വിശദീകരണം. ക്രമസമാധാനത്തിന് പോലീസിനൊപ്പം മജിസ്റ്റീരിയല്‍ അധികാരമുള്ള ഉദ്യോഗസ്ഥനും വേണമെന്ന് മന്ത്രിസഭ വിലയിരുത്തിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.