ദേവികുളം: അനധികൃത ഭൂമി കൈയ്യേറ്റങ്ങൾക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ദേവികുളം സബ് കളക്ടർ ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റി. എംപ്ലോയ്മെന്റ് ഡയറക്ടറേറ്റ് മേധാവിയായി തൊഴിൽ വകുപ്പിലേക്കാണ് ഇദ്ദേഹത്തെ മാറ്റിയിരിക്കുന്നത്.

മൂന്നാറിൽ ഇദ്ദേഹം സ്വീകരിച്ച കടുത്ത നിലപാടുകൾ വലിയ വിവാദമായി മാറിയിരുന്നു. ഏറ്റവും ഒടുവിൽ മൂന്നാർ പൊലീസ് സ്റ്റേഷനോട് ചേർന്ന 22 സെന്റ് ഭൂമി സ്വകാര്യ റിസോർട്ട് കൈയ്യേറിയ സംഭവത്തിലും അദ്ദേഹം കടുത്ത നിലപാടെടുത്തു. ഇതേ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയന് ഇദ്ദേഹത്തോട് അതൃപ്തി ഉണ്ടായിരുന്നു.

എന്നാൽ മൂന്നാറിൽ കൈയ്യേറ്റമൊഴിപ്പിക്കാനുള്ള തീരുമാനം ഇടതുപക്ഷ സർക്കാരിന്റേതാണ്. ആ നടപടികൾ ഇനിയും തുടരുമെന്ന് റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ പറഞ്ഞു. 2013 ബാച്ചിലെ ഐഎഎസ് ഉദ്യഗസ്ഥരാരും ഇനി സബ് കളക്ടറായി തുടരേണ്ടെന്ന ഭരണപരമായ തീരുമാനമാണ് ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ സ്വീകരിച്ചത് എന്നും റവന്യു മന്ത്രി വിശദീകരിച്ചു. ഇതിന് മറ്റ് വാർത്തകളുമായി കൂട്ടിവായിക്കേണ്ടതില്ല.

“ഒരു ഉദ്യോഗസ്ഥനെ സർക്കാർ അനുകൂല നിലപാടെടുക്കുമ്പോൾ പിന്തുണയക്കും. എന്നുകരുതി എല്ലാ കാലത്തും ആ സ്ഥാനത്ത് തന്നെ ആ ഉദ്യോഗസ്ഥനെ നിലനിർത്താനാവില്ല. സ്ഥാനക്കയറ്റം ആവശ്യമായി വരുമ്പോൾ അതിനനുസരിച്ച് മാറ്റും”, റവന്യു മന്ത്രി വിശദീകരിച്ചു.

ഭരണപരമായ തീരുമാനങ്ങൾ സർക്കാരിന്റെ ബാധ്യതയാണെന്നും അതിൽ രാഷ്ട്രീയ പാർട്ടികൾക്ക് പങ്കില്ലെന്നും റവന്യു മന്ത്രി ഇ.ചന്ദ്രശേഖരൻ കൂട്ടിച്ചേർത്തു. ദേവികുളത്ത് ഇനി വരുന്ന ഉദ്യോഗസ്ഥനും സർക്കാരിന്റെ നിലപാടുകൾ ശക്തമായി പിന്തുടരുമെന്നും റവന്യു മന്ത്രി ഉറപ്പു പറഞ്ഞു.

റിസോർട്ട് ഉടമയിൽ നിന്ന് കൈയ്യേറിയ സ്ഥലം ഏറ്റെടുത്ത് ഇവിടെ മൂന്നാർ വില്ലേജ് ഓഫീസ് പ്രവർത്തനം ആരംഭിക്കാനുള്ള ശ്രമം ഇന്നലെ ശ്രീറാം വെങ്കിട്ടരാമൻ നടത്തിയത്. ഈ ശ്രമം നടപ്പിലാകും മുൻപാണ് അടിയന്തിര തീരുമാനം.

നേരത്തേ ലൗ ഡെയ്ൽ റിസോർട്ട് കൈയ്യേറിയത് സർക്കാർ ഭൂമിയല്ലെന്ന് ഉദ്യോഗസ്ഥർ സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിരുന്നു. എന്നാൽ ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ് കളക്ടർ ആയി ചുമതലയേറ്റ ശേഷം സർക്കാർ ഭൂമി തിരിച്ച് പിടിക്കാൻ ശക്തമായ നടപടികളാണ് സ്വീകരിച്ചത്. ഇദ്ദേഹം സമർപ്പിച്ച റിപ്പോർട്ട് പ്രകാരമാണ് ഹൈക്കോടതി സർക്കാരിന് അനുകൂലമായി ഇന്നലെ വിധി പുറപ്പെടുവിച്ചത്.

തുടക്കം മുതൽ തന്നെ   സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനെതിരെ  ദേവികുളം എംഎൽഎ എസ്. രാജേന്ദ്രനും   രാഷ്ട്രീയ കക്ഷികളുടെ പ്രാദേശിക ഘടകങ്ങളും  നിലപാടെടുത്തിരുന്നു. കൈയ്യേറ്റങ്ങൾക്കെതിരെ  സബ് കലക്ടർ ശക്തമായ നടപടി സ്വീകരിച്ചതോടെയാണ് എതിർപ്പുകൾ ഉയർന്നത്.

അതേസമയം നിലവിലെ നിയമനത്തിൽ നിന്ന് കൂടുതൽ ഉയർന്ന സ്ഥാനത്തേക്കാണ് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയിരിക്കുന്നത്. ഇത് സ്വാഭാവിക സ്ഥാനക്കയറ്റമാണെന്നാണ് സർക്കാർ വിശദീകരിക്കുന്നത്. ഇന്നലെ ഹൈക്കോടതിയിൽ സർക്കാർ സ്വകാര്യ റിസോർട്ടിനെതിരെ വിജയിച്ച സമയത്താണ് അടിയന്തിര നടപടി മന്ത്രിസഭയുടെ ഭാഗത്ത് നിന്നുണ്ടായത്.

ഇന്നത്തെ സാഹചര്യത്തിൽ ഈ തീരുമാനം തെറ്റായ സന്ദേശമാണ് നൽകുക എന്ന് സിപിഐ നേതാവ് കെ.കെ.ശിവരാമൻ പറഞ്ഞു. അതേസമയം ഒരു ഉദ്യോഗസ്ഥന്റെ സ്ഥലം മാറ്റം സർക്കാറിന്റെ തീരുമാനമാണെന്നും അത് ശരിയോ തെറ്റോ എന്ന് വിലയിരുത്തേണ്ട കാര്യമില്ലെന്നും ഇടുക്കിയിലെ  മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം എൽ​എയുമായ  എ.കെ.മണി പറഞ്ഞു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.