കോട്ടയം: മൂന്നാറിലെ അനധികൃത കൈയേറ്റങ്ങൾ വീണ്ടും വാര്‍ത്തകളില്‍ നിറയുമ്പോള്‍ വ്യാജ സര്‍വേ നമ്പരില്‍ പ്രവർത്തിക്കുന്നുവെന്ന് ആരോപണുയർന്ന റിസോര്‍ട്ടിനെതിരേ നടപടിയുമായി ദേവികുളം സബ് കളക്ടര്‍. റിസോർട്ടിന്റെ നിർമ്മാണം നടക്കുന്ന കാലത്തു തന്നെ ഇത് വ്യാജ രേഖകളുടെ പിന്‍ബലത്തിലാണെന്ന് ആരോപണം ഉയർന്നിരുന്നു.

തുടർന്ന് വിജിലൻസ് നടത്തിയ​ അന്വേഷണത്തിൽ പള്ളിവാസല്‍ ആറ്റുകാട് വെള്ളച്ചാട്ടത്തിന് സമീപം നിര്‍മാണം നടക്കുന്ന റിസോര്‍ട്ട് നിര്‍മാണത്തില്‍ ക്രമക്കേടുകളുണ്ടെന്ന് 2015-ല്‍ തന്നെ കണ്ടെത്തി. ഇത് സംബന്ധിച്ച് അഡീഷണല്‍ ചീഫ് സെക്രട്ടറിക്ക് റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തിരുന്നു.

എന്നാല്‍ സര്‍ക്കാരോ റവന്യു അധികൃതരോ ഈ റിപ്പോര്‍ട്ടിന്‍മേല്‍ യാതൊരു നടപടിയും സ്വീകരിക്കാതെ പൂഴ്ത്തിവയ്ക്കുകയായിരുന്നു. വിശദമായ വിജിലന്‍സ് അന്വേഷണവും നടപടിയും ശുപാര്‍ശ ചെയ്ത റിപ്പോര്‍ട്ടാണ് അധികൃതരുടെ സഹായത്തോടെപൂഴ്ത്തിയത് എന്നാണ് ആരോപണം. എന്നാല്‍ റിസോര്‍ട്ട് വ്യാജ രേഖകളുടെ പിന്‍ബലത്തിലാണ് കെട്ടിപ്പൊക്കിയതെന്നും പ്രവര്‍ത്തിക്കുന്നതെന്നും വാര്‍ത്തകള്‍ പുറത്തുവന്നതോടെ റിസോര്‍ട്ടിന്റെ ഭൂമിയില്‍ റീസര്‍വേ നടത്താന്‍ ദേവികുളം സബ്ബ് കലക്ടര്‍ ഉത്തരവിടുകയായിരുന്നു. ആറ്റുകാട് വെള്ളച്ചാട്ടത്തിനു സമീപം പ്രവര്‍ത്തിക്കുന്ന ബ്ലാങ്കറ്റ് റിസോട്ടിന്റെ ഭൂമിയാണ് വീണ്ടും അളക്കാന്‍ സബ്ബ് കലക്ടര്‍ ശ്രീറാം വെങ്കിടരാമന്‍ ഉത്തരവിട്ടത്.

റിസോര്‍ട്ടു നിര്‍മ്മിക്കാന്‍ 2009-ലാണ് പള്ളിവാസല്‍ പഞ്ചായത്തില്‍ കെട്ടിട ഉടമ അപേക്ഷ നല്‍കിയത്. പള്ളിവാസല്‍ വില്ലേജിന്റെ പരിധിയില്‍ ഉള്‍പ്പെടുന്ന 167/13 സര്‍വേ നമ്പരിലുള്ള 55 സെന്റ് ഭൂമിയില്‍ കെട്ടിടം നിര്‍മിക്കണമെന്നു കാട്ടിയാണ് കെട്ടിട നിര്‍മാണത്തിനുള്ള അനുമതി നേടിയത്. 2015-ല്‍ വിജിലന്‍സിനു ലഭിച്ച രഹസ്യ പരാതിയെത്തുടര്‍ന്നു നടത്തിയ പരിശോധനയില്‍ കെട്ടിടം നിര്‍മിച്ചിരിക്കുന്നത് 168/2 എന്ന സര്‍വേ നമ്പരിലുള്ള ഭൂമിയിലാണെന്നു കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് കെട്ടിട നിര്‍മാണത്തില്‍ കടുത്ത നിയമലംഘനങ്ങളുണ്ടെന്നും അടിയന്തര നടപടി വേണമെന്നും കാട്ടിയാണ് റിപ്പോര്‍ട്ടു നല്‍കിയത്.

പുരയിടമാണെന്നു വ്യാജമായി അപേക്ഷയില്‍ കാണിച്ചാണ് നിര്‍മാണ അനുമതി നേടിയെടുത്തതെന്നാണ് ആരോപണം. ഈ പ്രദേശം കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളും മലയിടിച്ചിലും ഉണ്ടാകാന്‍ സാധ്യതയുള്ള കുത്തനെയുളള പാറക്കെട്ടു നിറഞ്ഞ പ്രദേശമാണെന്നും ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് കടുത്ത പാരിസ്ഥിതിക പ്രശ്‌നങ്ങളുണ്ടാക്കുമെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ അധികൃതര്‍ ഈ റിപ്പോര്‍ട്ട് മുഖവിലയ്‌ക്കെടുക്കാതെ നിര്‍മാണ പ്രവര്‍ത്തനങ്ങല്‍ തുടരാന്‍ അനുവാദം നല്‍കുകയായിരുന്നു. ഈ രീതിയിൽ പ്രവര്‍ത്തിക്കുന്ന നിരവധി റിസോര്‍ട്ടുകള്‍ മൂന്നാറിലും പരിസരപ്രദേശങ്ങളിലുമായി ഉള്ളതായാണ് റവന്യൂ അധികൃതര്‍ നല്‍കുന്ന സൂചന. വരും ദിവസങ്ങളില്‍ മറ്റു റിസോര്‍ട്ടുകളുമായി ബന്ധപ്പെട്ട പരിശോധനകള്‍ തുടരുമെന്നാണ് സൂചന.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ