കുഞ്ചിത്തണ്ണി: മതചിഹ്നങ്ങളിരിക്കുന്നതെല്ലാം പട്ടയമില്ലാത്ത സ്ഥലത്താണെന്നും അതെല്ലാം പൊളിക്കാൻ ഇറങ്ങിയാൽ സബ് കലക്ടറെ ഊളമ്പാറയ്ക്ക് വിടണമെന്നും മന്ത്രി മണി. ആർ എസ് എസ് പറഞ്ഞിട്ടാണ് കലക്ടർ കുരിശ് പൊളിച്ചത്. ആർ എസ് എസ് ഉപജാപം നടത്തിയാണ് ഇത് ചെയ്തത്. സബ് കലക്ടർ ചെയ്യുന്നത് ഉപജാപപ്രവർത്തനമെന്നും മന്ത്രി ആരോപിച്ചു. ആർ എസ് എസ് കാരായ ഒരുത്തരും വേണ്ടെന്ന് മണി.
അയോദ്ധ്യയിൽ പളളി പൊളിച്ചതുപോലെയാണ് കുരിശ് പൊളിച്ചത്. ഞങ്ങൾ സബ് കലക്ടർക്കൊപ്പമല്ല, ജനങ്ങൾക്കൊപ്പമാണെന്നും മണി പറഞ്ഞു.

മൂന്നാറിലെ പാപ്പാത്തിചോലയിൽ കൈയ്യേറി സ്ഥാപിച്ച കുരിശ് ഇടുക്കി ജില്ലാകലക്ടർ ഗോകുലിന്റെയും ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമന്റെയും നേതൃത്വത്തിൽ റവന്യൂ വകുപ്പ് കഴിഞ്ഞ ദിവസം പൊളിച്ചുമാറ്റിയിരുന്നു. സ്പിരിറ്റ് ഇൻ ജീസസ് എന്ന സംഘടനയാണ് ഇവിടെ കുരിശ് സ്ഥാപിച്ചിരുന്നത് എന്നാണ് റവന്യുവകുപ്പ് നിലപാട്. ഇതിനെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിലാണ് മന്ത്രി മണിയുടെ പ്രസ്താവന.

കഴിഞ്ഞ ദിവസം രാത്രി കുരിശ് മാറ്റിയിടത്ത് വീണ്ടും മരക്കുരിശ് സ്ഥാപിക്കുകയും പിന്നീട് ഈ കുരിശ് മാറ്റപ്പെടുകയും ചെയ്തു. മരക്കുരിശ് സ്ഥാപിച്ച സംഭവത്തിൽ​ കൽപ്പറ്റ സ്വദേശി രാജു, ഇടുക്കി രാജകുമാരി സ്വദേശി സെബാസ്റ്റ്യൻ എന്നിവരെ ഇന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. കുരിശ് നീക്കം ചെയ്തത സംഭവത്തിൽ ഉടുമ്പുച്ചോല തഹസിൽദാർ റിപ്പോർട്ട് ആവശ്യപ്പെട്ടു. ചിന്നക്കനാൽ വില്ലേജ് ഓഫീസറോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനിടയിലാണ് മന്ത്രി മണിയുടെ വിവാദ പ്രസ്താവന വന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ