/indian-express-malayalam/media/media_files/uploads/2017/05/munnar-eviction-2-part.jpg)
തൊടുപുഴ: ഇടുക്കി എംപി ജോയ്‌സ് ജോര്‍ജ് ഉള്‍പ്പെട്ട കൊട്ടക്കമ്പൂര്‍ മേഖലയിലെ ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള നടപടികളുമായി റവന്യൂ വകുപ്പ് വീണ്ടും രംഗത്ത്. ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള രേഖകളുമായി നവംബര്‍ ഏഴിനു നേരിട്ടു ഹാജരാകാനാണ് ജോയ്‌സ് ജോര്‍ജ് എംപിക്കും മറ്റു 32 പേര്‍ക്കും ദേവികുളം സബ് കളക്ടര്‍ നോട്ടീസ് നല്‍കിയത്. ദേവികുളത്തെ മുൻ സബ് കലക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമൻ ഇതേ നടപടികളുമായി മുന്നോട്ട് പോയെങ്കിലും എതിർപ്പിനെ തുടർന്ന് നിർത്തിവെയ്ക്കേണ്ടി വന്നിരുന്നു. ഈ നടപടിയാണ് ഇപ്പോഴത്തെ സബ് കലക്ടർ വി ആര്‍ പ്രംകുമാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കാന്‍ റവന്യൂ വകുപ്പ് ഒരുങ്ങുന്നത്. ഹിയറിങിന് ഹാജരാകുമെന്നും രേഖകളുണ്ടെങ്കില്‍ ഹാജരാക്കുമെന്നും ജോയ്‌സ് ജോര്‍ജ് അവകാശപ്പെട്ടു.
ഹിയറിങിൽ യഥാർത്ഥ ആധാരം, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ഭൂമിയുടെ ഉടമസ്ഥത തെളിയിക്കുന്ന ഇതുവരെ സര്‍ക്കാരില്‍ നിന്നു ലഭിച്ചിട്ടുള്ള രേഖകള്‍ എന്നിവ ഹാജരാക്കണമെന്നും നോട്ടീസില്‍ പറയുന്നു. ഹിയറിങിന് ഹാജരായില്ലെങ്കില്‍ ഭൂവുടമകള്‍ക്ക് ഒന്നും പറയാനില്ലെന്നു കണക്കാക്കി തുടര്‍ നടപടികളുമായി റവന്യൂ വകുപ്പ് മുന്നോട്ടു പോകുമെന്നും നോട്ടീസില്‍ മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
ദേവികുളം താലൂക്കിന്റെ പരിധില്‍ ഉള്‍പ്പെടുന്ന മറയൂര്‍, വട്ടവട, കൊട്ടക്കാമ്പൂര്‍ കാന്തല്ലൂര്‍, കീഴാന്തൂര്‍ എന്നീ വില്ലേജുകളില്‍ ആളുകള്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയുടെ രേഖകളുടെ നിജസ്ഥിതി പരിശോധിക്കുന്നതിന്റെ ഭാഗമായാണ് ജോയ്‌സ് ജോര്‍ജിനും കുടുംബാംഗങ്ങള്‍ക്കും കുടുംബാംഗങ്ങളും ഉള്‍പ്പെടെ 33 പേര്‍ക്കു നോട്ടീസ് അയക്കാന്‍ റവന്യൂ വകുപ്പ് തീരുമാനിച്ചത്.
ഇടുക്കി എംപി ജോയ്‌സ് ജോര്‍ജും കുടുംബാഗങ്ങളും വ്യാജ മുക്ത്യാറുണ്ടാക്കി കൊട്ടക്കമ്പൂരില്‍ 32 ഏക്കര്‍ ഭൂമി കൈക്കലാക്കിയെന്നാണ് കേസ്. ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ പ്രതിനിധിയായി കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജോയ്‌സ് മത്സരരംഗത്തു വന്നപ്പോഴാണ് ഭൂമി കൈയേറ്റ വിവാദം പൊന്തിവന്നത്. ഈ കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ബ്ലോക്ക് നമ്പര്‍ 52 ല്‍ 120-ാം നമ്പര്‍ തണ്ടപ്പേരില്‍ ജോയ്‌സ് ജോര്‍ജിനും 121ആം നമ്പര്‍ തണ്ടപ്പേരില്‍ ഭാര്യ അനൂപയ്ക്കും ഭൂമിയുണ്ടെന്നാണ് ആരോപണം.
ദേവികുളം താലൂക്കിന്റെ പരിധില്‍ ഉള്‍പ്പെടുന്ന മറയൂര്‍, വട്ടവട, കൊട്ടക്കാമ്പൂര്‍ കാന്തല്ലൂര്‍, കീഴാന്തൂര്‍ എന്നീ വില്ലേജുകളിലെ ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കാന്‍ ദേവികുളം മുൻ സബ് കളക്ടറായിരുന്ന ശ്രീറാം വെങ്കിട്ടരാമന്‍ തുടക്കമിട്ടിരുന്നു. എന്നാല്‍ ഈ നടപടി കര്‍ഷക ദ്രോഹമാണെന്ന് ചൂണ്ടിക്കാട്ടി സിപിഎമ്മിന്റെ പോഷക സംഘടനയായ കര്‍ഷക സംഘം ദേവികുളം ആര്‍ ടി ഓഫീസിനു മുമ്പില്‍ സമരം തുടങ്ങുകയായിരുന്നു. 28 ദിവസം നീണ്ട സമരത്തിനൊടുവില്‍ ഭൂമിയുടെ നിജസ്ഥിതി പരിശോധിക്കാനുള്ള നീക്കം ശ്രീറാം വെങ്കിട്ട രാമന്‍ ഉപേക്ഷിക്കുകയായിരുന്നു. ആ നടപടിയാണ് ഇപ്പോൾ പുനരാരംഭിക്കുന്നത്.
Read More: "കുറിഞ്ഞിക്കാല"മെടുത്തെങ്കിലും കുറിഞ്ഞിസങ്കേത സ്വപ്നം പൂവിടുമോ
2006ൽ അന്നത്തെ വനം മന്ത്രിയായിരുന്ന ബനോയ് വിശ്വമാണ് കൊട്ടക്കമ്പൂര്‍ മേഖലയില്‍ 32 സ്‌ക്വയര്‍ കിലോമീറ്ററില്‍ നീലക്കുറിഞ്ഞി സങ്കേതം പ്രഖ്യാപിച്ചത്. ഇതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറങ്ങുകും ചെയ്തു. എന്നാല്‍ വിജ്ഞാപനം പുറത്തുവന്നിട്ടു 12 വര്‍ഷം പിന്നിടുമ്പോഴും നീലക്കുറിഞ്ഞി സങ്കേതം യാഥാര്‍ഥ്യമായിട്ടില്ല. നീലക്കുറിഞ്ഞി സങ്കേതത്തിന്റെ അതിര്‍ത്തി നിര്‍ണയിക്കാന്‍ പോലും ഇതുവരെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ല. പ്രദേശത്ത് വന്‍ തോതില്‍ ഭൂമി കൈയേറിയവരുടെ ആസൂത്രിത സമരങ്ങളാണ് നീലക്കുറിഞ്ഞി സങ്കേതവുമായി ബന്ധപ്പെട്ട ഭൂമിയുടെ സെറ്റില്‍മെന്റു നടപടികള്‍ വൈകിപ്പിക്കുന്നതെന്ന് വിവിധ അന്വേഷണ സംഘങ്ങള്‍ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.