തിരുവനന്തപുരം: ദേവികുളത്തെ വനിതാ സബ് കലക്ടര്‍ രേണു രാജിനെ അധിക്ഷേപിച്ച സംഭവത്തില്‍ എസ്.രാജേന്ദ്രന്‍ എംഎല്‍എയ്‌ക്കെതിരെ കേസ്. സംസ്ഥാന വനിതാ കമ്മീഷനാണ് എംഎല്‍എയ്‌ക്കെതിരെ സ്വമേധയാ കേസ് എടുത്തത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെന്ന് വനിതാ കമ്മീഷന്‍ വ്യക്തമാക്കി.
അതേസമയം, എംഎല്‍എയ്‌ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് സബ് കലക്ടര്‍ അഡ്വക്കേറ്റ് ജനറലിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. എംഎല്‍എ നടത്തിയ വ്യക്തിപരമായ പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടില്‍ ഇല്ല.
അനധികൃത നിര്‍മാണം നടന്നത് എംഎല്‍എയുടെ സാന്നിധ്യത്തിലാണെന്നും പഞ്ചായത്തിന്റെ നിര്‍മാണം കോടതി വിധിയുടെ ലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നിര്‍മാണം നിര്‍ത്തി വച്ചില്ല, ഒപ്പം ഉദ്യോഗസ്ഥരെ തടയുകയും ചെയ്തു. അതിനാല്‍ കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
പഴയ മൂന്നാറില്‍ മുതിരപ്പുഴയാറിന്റെ തീരത്ത് എന്‍ഒസി വാങ്ങാതെ പഞ്ചായത്ത് നടത്തി വന്ന കെട്ടിട നിര്‍മാണത്തിന് കഴിഞ്ഞ ദിവസം റവന്യൂ വകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. കെഡിഎച്ച് കമ്പനി വാഹന പാര്‍ക്കിങ് ഗ്രൗണ്ടിനായി വിട്ടു കൊടുത്ത സ്ഥലത്തെ നിര്‍മാണപ്രവര്‍ത്തനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്‍ത്തകരുടെ പരാതിയെ തുടര്‍ന്നായിരുന്നു സബ് കലക്ടര്‍ രേണു രാജിന്റെ നടപടി.
നിര്‍ത്തിവയ്ക്കല്‍ നോട്ടീസ് നല്‍കിയിട്ടും പണി തുടര്‍ന്ന സാഹചര്യത്തിലാണ് നിര്‍മാണം തടയാന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സബ് കലക്ടര്‍ നിര്‍ദേശം നല്‍കിയത്. സ്ഥലത്തെത്തിയ റവന്യൂ ഉദ്യോഗസ്ഥരെ എംഎല്‍എ തടഞ്ഞു തിരിച്ചയക്കുകയും സബ് കലക്ടര്‍ക്കെതിരെ മോശം പരാമര്‍ശം നടത്തുകയും ചെയ്തു. അനധികൃത നിര്‍മാണം തടഞ്ഞ സബ് കലക്ടര്‍ രേണു രാജിന് ബോധമില്ലെന്നായിരുന്നു രാജേന്ദ്രന്റെ അധിക്ഷേപം.