കോട്ടയം: വി.എസ്.അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ കാലത്ത് മൂന്നാര്‍ ഒഴിപ്പിക്കലിനയച്ച ദൗത്യസംഘത്തെ പൊളിക്കുന്നതിനു മുന്‍പന്തിയില്‍ നിന്നത് സിപിഐ ആയിരുന്നുവെങ്കില്‍ കാലം മാറുമ്പോള്‍ മൂന്നാര്‍ വിഷയം റവന്യൂ വകുപ്പ് ഭരിക്കുന്ന സിപിഐയെ തിരിഞ്ഞുകൊത്തുകയാണ്.

റവന്യൂ വകുപ്പിന് കീഴിലുള്ള ദേവികുളം സബ് കലക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ നടപടികള്‍ക്കെതിരായി ഭരണകക്ഷിയായ സിപിഎമ്മും പോഷക സംഘടനകളും ദേവികുളം ആര്‍ടിഒ ഓഫിസിനു മുന്നില്‍ ആരംഭിച്ച സമരം രണ്ടാഴ്ച പിന്നിട്ടിരിക്കുന്നു. ദേവികുളം സബ് കലക്ടര്‍ ഏര്‍പ്പെടുത്തിയിട്ടുള്ള നിര്‍മാണ നിയന്ത്രണങ്ങള്‍ പിന്‍വലിക്കണമെന്നും ജനദ്രോഹ നടപടികള്‍ തുടരുന്ന സബ് കലക്ടറെ മാറ്റണമെന്നുമാവശ്യപ്പെട്ടാണ് സമരം തുടരുന്നത്.

Munnar, encrochment, cpi, cpm, sub collector, devikulam,tourism

ശ്രീറാം വെങ്കിട്ടരാമൻ ദേവികുളം സബ്ബ് കലക്ടർ

എന്നാല്‍ കലക്ടറുടെ നിര്‍ദേശ പ്രകാരമുള്ള നടപടികള്‍ മാത്രമാണ് താന്‍ ചെയ്യുന്നതെന്നു സബ് കലക്ടര്‍ വ്യക്തമാക്കുകയും മുല്ലക്കര രത്‌നാകരന്‍ തന്നെ അധ്യക്ഷനായ നിയമസഭാ സമിതി മൂന്നാറിലെ അനധികൃത കൈയേറ്റം തടയണമെന്നും പറഞ്ഞതോടെ സബ് കളക്ടറുടെ നടപടികള്‍ ശരിയാണെന്നു പരോക്ഷമായെങ്കിലും സിപിഐക്കു സമ്മതിക്കേണ്ടി വന്നിരിക്കുകയാണ്. ഇതിനിടെ മൂന്നാറിലെ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട്.

അനധികൃത നിര്‍മാണങ്ങളും സര്‍ക്കാര്‍ ഭൂമി കൈയേറ്റവും നിര്‍ബാധം തുടര്‍ന്നിരുന്ന മൂന്നാറില്‍ മുന്‍ ദേവികുളം ആര്‍ടിഒ ആയിരുന്ന സാബിന്‍ സമീദ് ചുമതലയേറ്റതോടെയായിരുന്നു അനധികൃത നിര്‍മാണത്തിനും സര്‍ക്കാര്‍ ഭൂമി കൈയേറ്റത്തിനുമെതിരേ കര്‍ശന നടപടികള്‍ക്കു ഇടവേളയ്ക്കു ശേഷം തുടക്കമായത്. അനധികൃതമായി നിര്‍മാണം നടത്തിയ റിസോര്‍ട്ടുകള്‍ക്കു സ്‌റ്റോപ് മെമ്മോ കൊടുക്കുകയും ഹൈക്കോടതി ഉത്തരവു പ്രകാരം മൂന്നാറിലെ എല്ലാ നിര്‍മാണങ്ങള്‍ക്കും ജില്ലാ കലക്ടറുടെ എന്‍ഒസി വേണമെന്ന ഉത്തരവു നടപ്പാക്കാന്‍ ശ്രമം തുടങ്ങുകയും ചെയ്തതതോടെ സാബന്‍ സമീദിനെ തേടി സ്ഥലംമാറ്റ ഉത്തരവെത്തി. സാബിന്‍ സമീദ് സ്ഥലം മാറിപ്പോയതോടെ മൂന്നാറില്‍ അനധികൃത നിര്‍മാണങ്ങള്‍ക്കു വീണ്ടും ജീവന്‍ വച്ചു.

Read More: മൂന്നാർ സിപിഐയെ തിരിഞ്ഞുകൊത്തുന്നു, ദേവികുളം സബ് കലക്‌ടർക്കെതിരെ പാർട്ടികളുടെ പടയൊരുക്കം

എന്നാല്‍ സാബിന്‍ സമീദിനു പകരക്കാരനായെത്തിയ ദേവികുളം സബ് കലക്ടർ ശ്രീറാം വെങ്കിട്ടരാമനും ശക്തമായ നടപടികളുമായി മുന്നോട്ടു പോകാന്‍ തീരുമാനിക്കുകയായിരുന്നു. അതോടെ എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും പ്രാദേശിക ഘടങ്ങൾക്കും കൈയ്യേറ്റ ലോബികൾക്കും അദ്ദേഹവും അനഭിമതനായി.

ജില്ലാ കലക്ടറുടെ എന്‍ഒസി ഇല്ലാതെ നിര്‍മാണം തുടര്‍ന്ന 110 റിസോര്‍ട്ടുകള്‍ക്കാണ് ഇതുവരെ സബ് കലക്ടര്‍ സ്‌റ്റോപ് മെമ്മോ നല്‍കിയത്. ഇതോടൊപ്പം മൂന്നാറിലും പരിസര പ്രദേശങ്ങളിലുമുള്ള സര്‍ക്കാര്‍ ഭൂമിയിൽ നടത്തിയ കൈയേറ്റങ്ങള്‍ പൊളിച്ചു നീക്കുന്നുമുണ്ട്. ഇത്തരം നൂറോളം അനധികൃത കൈയേറ്റങ്ങള്‍ സമീപകാലത്തു തന്നെ പൊളിച്ചുനീക്കിയതായാണ് റവന്യൂ വകുപ്പ് രേഖകൾ വ്യക്തമാക്കുന്നത്. മൂന്നാര്‍ പള്ളിവാസലില്‍ കെഎസ്ഇബി വക ഭൂമി വന്‍തോതില്‍ ഭൂ മാഫിയ കൈയേറിയിട്ടുണ്ടെന്നും ഇത്തരത്തില്‍ കൈയേറിയ ഭൂമിയില്‍ മുപ്പതോളം അനധികൃത റിസോര്‍ട്ടുകള്‍ നിര്‍മിച്ചിട്ടുണ്ടെന്നും ഈ വിഷയത്തില്‍ അടിയന്തര നടപടിയെടുക്കണെമന്നും കാട്ടി ജനുവരിയില്‍ ശ്രീറാം വെങ്കിട്ടരാമന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ടു നല്‍കിയിരുന്നു. ജില്ലാ കലക്ടറുടെ നിര്‍ദേശ പ്രകാരം അടുത്തിടെ ടൗണിലെ റിസോര്‍ട്ടുകളുടെ മാലിന്യ നിര്‍മാര്‍ജന മാര്‍ഗങ്ങള്‍ പരിശോധിച്ചിരുന്നു. ഇവയില്‍ ചിലത് മുതിരപ്പുഴയാറിലേക്കാണ് മാലിന്യമൊഴുക്കുന്നതെന്നു കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടും ഉടന്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്നാണ് വിവരം.

മറയൂരിലെ അഞ്ചുനാട് ഉള്‍പ്പെടുന്ന മേഖലകളില്‍ കൈവശാവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണം പിന്‍വലിക്കുക, വീടു നിര്‍മാണത്തിനുള്ള എന്‍ഒസി നല്‍കുന്നതിനുള്ള തടസം മാറ്റുക നിര്‍മാണ നിയന്ത്രണം പിന്‍വലിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് തങ്ങള്‍ സമരം ചെയ്യുന്നതെന്നാണ് സിപിഎം വാദിക്കുന്നത്. സബ് കലക്ടര്‍ മൂന്നാറിലെ ടൂറിസം മേഖലയെ തകര്‍ക്കുകയാണെന്നും മൂന്നാറിലെ ജനങ്ങളുടെ ജീവനോപാധിയായ ടൂറിസം വരുമാനം ഇല്ലാതാക്കാനാണ് സബ് കലക്ടറുടെ നീക്കമെന്നും ഇത് അനുവദിക്കാനാവില്ലെന്നുമാണ് സിപിഎം നിലപാട്. സബ് കലക്ടറുടെ നിലപാടുകള്‍ തിരുത്തുന്നതുവരെ തങ്ങള്‍ സമരം തുടരുമെന്നും സിപിഎം നേതാക്കള്‍ തന്നെ അവകാശപ്പെടുന്നു. എന്നാല്‍ സമരം തുടങ്ങുന്നതിനു മുന്‍പു തന്നെ അഞ്ചുനാട് മേഖലയിലെ കൈവശാവകാശ രേഖ നല്‍കുന്നതു പുനരാരംഭിച്ചെന്നും വീടു നിര്‍മാണവുമായി ബന്ധപ്പെട്ട് 130 എന്‍ഒസി അപേക്ഷകള്‍ ലഭിച്ചതില്‍ 122 എണ്ണവും പാസാക്കി നല്‍കിക്കഴിഞ്ഞതായുമാണ് സബ് കലക്ടര്‍ നല്‍കുന്ന വിശദീകരണം. ജില്ലാ കലക്ടറും കോടതിയും പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ മാത്രമാണ് മൂന്നാറില്‍ നടപ്പാക്കുന്നതെന്നാണ് സബ് കലക്ടര്‍ വ്യക്തമാക്കുന്നത്.

pallivasal rock, resort

പള്ളിവാസലിൽ പാറ വീണ് അപകടമുണ്ടായ സ്ഥലം

മൂന്നാറില്‍ കുന്നുകളിലും താഴ് വാരങ്ങളിലുമെല്ലാം കെട്ടിട നിര്‍മാണച്ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തി അനധികൃത കെട്ടിടങ്ങള്‍ ഉയര്‍ന്നു പൊങ്ങുകയാണ്. ഒരാഴ്ചമുന്‍പ് പള്ളിവാസലില്‍ റിസോര്‍ട്ടിനു മുകളിലുള്ള കുന്നില്‍ നിന്ന് പാറവീണ് ടൂറിസ്റ്റുകളുമായെത്തിയ മൂന്നു വാഹനങ്ങള്‍ തകര്‍ന്നിരുന്നു. റിസോര്‍ട്ടിനു താഴെ താമസിച്ചിരുന്ന തൊഴിലാളികളും ഡ്രൈവര്‍മാരും ഭാഗ്യം കൊണ്ടാണ് അന്ന് അപകടത്തില്‍ നിന്നു രക്ഷപെട്ടത്. 27 ന് നടക്കുന്ന യോഗത്തില്‍ തങ്ങള്‍ക്കനുകൂലമായ തീരുമാനങ്ങളുണ്ടാകുമെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്. മൂന്നാറിന്റെ നിലനില്‍പ്പിനെ ഇത്തരം തീരുമാനങ്ങള്‍ എങ്ങനെ ബാധിക്കുമെന്നു കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

ഇതിനിടെ ഇടുക്കി ജില്ലയിലെ പാറമട ലോബിക്കെതിരേ സബ് കലക്ടര്‍ നടപടികള്‍ തുടങ്ങിയതും ജില്ലയിലെ രാഷ്ട്രീയക്കാരുടെ ഉറക്കം കെടുത്തുന്നുണ്ട്. കൊന്നത്തടി പഞ്ചായത്തിലെ തിങ്കള്‍ക്കാട് ക്വാറി, ദേവികുളം താലൂക്കിലെ ഹൈറേഞ്ച് മെറ്റല്‍ ക്രഷര്‍, മാര്‍ ബേസില്‍ ഗ്രാനൈറ്റ്‌സ്, ശാന്തന്‍പാറ ഗ്രാനൈറ്റ്‌സ് എന്നിവിടങ്ങളിലാണ് സബ് കലക്ടറുടെ നേതൃത്വത്തിലുള്ള റവന്യു സംഘം പരിശോധന നടത്തിയത്. പലതിലും ഗുരുതര ക്രമക്കേടുകളാണ് പരിശോധനയില്‍ കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. ഇടുക്കി ജില്ലയിലെ മറ്റു ക്വാറികളിലും പരിശോധന നടത്താന്‍ റവന്യൂവകുപ്പ് നീക്കം തുടങ്ങിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.