മൂന്നാർ: ദേവികുളം എംഎൽഎ യും സിപിഎം നേതാവുമായ എസ്.രാജേന്ദ്രനെതിരെ കേസെടുത്ത മൂന്നാർ എസ്ഐയെ 24 മണിക്കൂർ തികയും മുൻപേ സ്ഥലം മാറ്റി. മൂന്നാറിൽ നിന്ന് കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റം. എസ്ഐ പി.ജെ.വർഗ്ഗീസിനെയാണ് സ്ഥലം മാറ്റിയത്.
മൂന്നാർ പ്രത്യേക ട്രൈബ്യൂണൽ ഓഫീസ് ആക്രമിച്ച കേസിലാണ് ദേവികുളം എംഎൽഎയ്ക്ക് എതിരെ കേസെടുത്തത്. എസ്ഐയെ സ്ഥലം മാറ്റിയതിന് പിന്നിൽ പ്രതികാര നടപടിയാണെന്ന് ആരോപണം ഉയർന്നു. എന്നാൽ എസ്ഐയുടെ സ്വദേശം കട്ടപ്പനയാണെന്നും ഇദ്ദേഹം നേരത്തെ തന്നെ കട്ടപ്പനയിലേക്ക് സ്ഥലംമാറ്റത്തിന് അപേക്ഷിച്ചിരുന്നുവെന്നും, ഇത് ശിക്ഷാ നടപടിയല്ലെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിശദീകരിച്ചു.
ഇടുക്കി ജില്ലാ പൊലീസ് മേധാവി കെ.ബി.വേണുഗോപാലിന്റേതാണ് സ്ഥലംമാറ്റ ഉത്തരവ്. ഇന്നലെ വൈകുന്നേരം ഇ-മെയിലായാണ് എസ്ഐയ്ക്ക് ഉത്തരവ് ലഭിച്ചത്. രണ്ടുവർഷത്തിനിടെ ഇത് അഞ്ചാം തവണയാണ് പി.ജെ.വർഗ്ഗീസിനെ സ്ഥലം മാറ്റുന്നത്. വർഗീസിനെ ഇത് അഞ്ചാംവട്ടമാണു സ്ഥലംമാറ്റുന്നത്.
ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് മൂന്നാർ പൊലീസ് എംഎൽഎക്കും ദേവികുളം തഹസിൽദാർ പി.കെ.ഷാജിക്കുമെതിരെ ബുധനാഴ്ച കേസെടുത്തത്. കേസിൽ എസ്.രാജേന്ദ്രൻ എംഎൽഎയാണ് ഒന്നാം പ്രതി. അതിക്രമിച്ച് കടക്കൽ, പൊതുമുതൽ നശിപ്പിക്കൽ, കൃത്യനിർവഹണം തടസ്സപ്പെടുത്തൽ എന്നീ വകുപ്പുകൾ ചേർത്താണ് കേസ്. കണ്ടാലറിയാവുന്ന മറ്റ് അമ്പതോളം പേരും കേസിൽ പ്രതികളാണ്.