തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതി വിധി നടപ്പാക്കുന്നതിന്റെ ഭാഗമായി, സർക്കാർ വിളിച്ച ചർച്ചയിൽ നിന്ന് തന്ത്രി കുടുംബം പിന്മാറിയത് സ്വാഗതാർഹമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. സർക്കാർ വിളിച്ച സമവായ ചർച്ചയിൽ പങ്കെടുക്കില്ലെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിയതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം.

സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ കോടതിയെ സമീപിക്കുന്നത് തന്നെയാണ് ഉചിതമെന്ന ബോധ്യമാകും തന്ത്രി കുടുംബത്തെ ചർച്ചയിൽ നിന്ന് പിന്മാറാൻ പ്രേരിപ്പിച്ചതെന്ന് മന്ത്രി പറഞ്ഞു. തെറ്റിദ്ധാരണയുടെ പുറത്താണ് വിശ്വാസികളെ തെരുവിലിറക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കോൺഗ്രസ്സും ബിജെപിയും ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണ പരത്തുകയാണെന്നും മന്ത്രി കുറ്റപ്പെടുത്തി. പുനഃപരിശോധന ഹർജി നൽകണമെന്നുള്ളവർ സുപ്രീം കോടതിയിൽ നൽകട്ടെയെന്നും, ഭരണഘടനയനുസരിച്ചുള്ള വിധിയാണ് കോടതി പുറപ്പെടുവിച്ചതെന്നും മന്ത്രി പറഞ്ഞു.

അതേസമയം, ഇനി തന്ത്രി കുടുംബം ആവശ്യപ്പെട്ടാൽ മാത്രം ചർച്ച നടത്തിയാൽ മതിയെന്നാണ് മുഖ്യമന്ത്രിയുടെ തീരുമാനം. തന്ത്രി കുടുംബം ചർച്ചയ്ക്ക് വരുമോയെന്ന് നോക്കാമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധി നടപ്പാക്കുന്ന വിഷയത്തിൽ തന്ത്രി കുടുംബവുമായി സമവായ ചർച്ച നടത്താനുള്ള സർക്കാർ നീക്കം പാളിയിരുന്നു. സർക്കാരുമായി ചർച്ചയ്ക്കില്ലെന്ന് തന്ത്രി കുടുംബം വ്യക്തമാക്കി. തിങ്കളാഴ്ചയാണ് മുഖ്യമന്ത്രി തന്ത്രി കുടുംബവുമായി ചർച്ച നടത്താൻ തീരുമാനിച്ചിരുന്നത്.

പുനഃപരിശോധന ഹർജിയിലെ സർക്കാർ തീരുമാനത്തിന് ശേഷം മാത്രം ചർച്ചയ്ക്കുളളൂവെന്ന് തന്ത്രി കണ്ഠരര് മോഹനര് പറഞ്ഞത്. തുലാമാസ പൂജസമയത്ത് വനിത പൊലീസിനെ മല കയറ്റുന്നത് ആചാരലംഘനമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.