ശബരിമല വരുമാനം കുത്തനെ ഇടിഞ്ഞു; ദേവസ്വംബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടും

250 കോടി സഹായം തേടാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം എന്നാണ് വിവരം

തിരുവനന്തപുരം: യുവതി പ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷ മേഖലയായി മാറിയ ശബരിമലയില്‍ വരുമാനം കുത്തനെ കുറഞ്ഞതിനെ തുടര്‍ന്ന് ദേവസ്വംബോര്‍ഡ് സര്‍ക്കാരിന്റെ സഹായം തേടും സർക്കാരിൽ നിന്നും 250 കോടി സഹായം തേടാനാണ് ദേവസ്വം ബോർഡിന്റെ തീരുമാനം എന്നാണ് വിവരം. ക്ഷേത്ര പുനരുദ്ധാരണത്തിനും പമ്പയിലെ നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിനുമാണ് സാമ്പത്തിക സഹായം തേടുന്നത്.

മണ്ഡല-മകര വിളക്ക് തീര്‍ഥാടന കാലത്ത് ശബരിമലയില്‍ നിന്നുള്ള വരുമാനത്തില്‍ ദേവസ്വം ബോര്‍ഡിനുണ്ടായ നഷ്ടം 95.65 കോടി രൂപയാണ്. മണ്ഡല കാലത്ത് 58.91 കോടിയുടെയും മകരവിളക്കിന് 36.73 കോടിയുടെയും കുറവുണ്ടായി. മണ്ഡലകാലത്തെ 105,11,93,917 രൂപയുടെ വരുമാനമാണ് ആകെയുണ്ടായത്. മകരവിളക്കു കാലത്ത് ഇത് 63,00,69,947 രൂപയും. അതേസമയം കഴിഞ്ഞ വര്‍ഷം മണ്ഡല കാലത്ത് 164,03,89,374 രൂപയും മകരവിളക്കിന് 99,74,32,408 രൂപയുമായിരുന്നു ശബരിമലയില്‍ നിന്നുള്ള വരുമാനം.

സുപ്രീംകോടതിയുടെ സ്ത്രീ പ്രവേശന വിധിക്ക് അനുകൂലമായി സംസ്ഥാന സര്‍ക്കാരും ദേവസ്വവും നിലപാടെടുത്തതോടെ സംഘപരിവാര്‍ സംഘടനകള്‍ കാണിക്ക ഇടരുതെന്ന കാമ്പയിനുമായി രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെ ഭക്തരുടെ വരവില്‍ കുറവുണ്ടായതും ദേവസ്വത്തിന് വരുമാന നഷ്ടമുണ്ടാക്കിയെന്നാണ് വിലയിരുത്തല്‍.

Web Title: Devaswam board to seek the financial aid for sabarimala from government

Next Story
ആദ്യം ‘നടപ്പ് തര്‍ജ്ജമ’; ഒടുവില്‍ രാഹുലിന്റെ തോളോട് ചേര്‍ന്നു നിന്ന് തര്‍ജ്ജമ ചെയ്ത് സതീശന്‍
The moderation of comments is automated and not cleared manually by malayalam.indianexpress.com