പത്തനംതിട്ട: ശബരിമലയെ തകർക്കാൻ ബോധപൂർവ്വമായ ശ്രമം നടക്കുന്നുവെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എ.പദ്മകുമാർ. പുര കത്തുമ്പോൾ വാഴ വെട്ടുന്ന നിലപാടാണ് ചിലരുടേത്. ശബരിമലയിൽ സമാധാനത്തിന് എല്ലാവരും തയ്യാറാകണം. ആചാരങ്ങൾ പാലിക്കുകയും പൂജകൾ നടത്തുകയാണ് ബോർഡിന്റെ ചുമതല. അന്നദാനം നിര്‍ത്തലാക്കുമെന്ന രീതിയിലുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയെ വനംവകുപ്പ് ശത്രുതാപരമായി കാണുന്നു. മാസ്റ്റർപ്ലാൻ ചൂണ്ടിക്കാട്ടി വനംവകുപ്പ് ശത്രുതാപരമായ നിലപാട് സ്വീകരിക്കുകയാണ്. അത്യാവശ്യ സൗകര്യങ്ങൾ ഒരുക്കുന്നതിൽ പോലും വനം വകുപ്പ് ഇടപെടുന്നു. ഒരു അനധികൃത കെട്ടിടം പോലും ശബരിമലയിൽ ഉണ്ടാകരുതെന്നാണ് ബോർഡിന്റെയും നിലപാട്. അനധികൃത നിർമ്മാണം ബോർഡിന്റെ അജണ്ടയല്ലെന്ന് അദ്ദേഹം പറഞ്ഞു. വനഭൂമി ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ട് ഉന്നതാധികാര സമതി നല്‍കിയ റിപ്പോര്‍ട്ട് സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു.

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജിവയ്ക്കില്ലെന്നും പദ്മകുമാർ വ്യക്തമാക്കി. അടുത്ത വർഷം കാലാവധി പൂർത്തിയാക്കിയ ശേഷമേ രാജിവയ്ക്കൂ. ദേവസ്വം ബോർഡ് ആരുടെയും സമ്മർദ്ദത്തിന് വിധേയമായി പ്രവർത്തിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.