തിരുവന്തപുരം: ശബരിമല സന്നിധാനത്തേക്ക് വനിതാ പൊലീസ് ഇല്ല. പതിനെട്ടാം പടിയില്‍ വനിതാ പൊലീസിനെ നിയോഗിക്കില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാര്‍ അറിയിച്ചു. നിലവില്‍ തുടരുന്ന സംവിധാനങ്ങളില്‍ മാറ്റമുണ്ടാകില്ല.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം മറ്റ് നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. തുലാമാസ പൂജയ്ക്ക് വനിതാ ജീവനക്കാരെ വിന്യസിക്കുന്നതും ആലോചനയിലില്ലെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ എത്തുന്ന സ്ത്രീകളെ തടയാനാവില്ലെന്ന് ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ നേരത്തെ പറഞ്ഞിരുന്നു. പ്രതിഷേധക്കാര്‍ റിവ്യൂ ഹര്‍ജിയിലെ തീരുമാനം വരെ കാത്തിരിക്കണം. എതിര്‍പ്പുകള്‍ സ്വാഭാവികമാണ്. ആരുമായും ചര്‍ച്ചയ്ക്ക് തയ്യാറാണ്. തെരുവിലിറങ്ങി പ്രതിഷേധിക്കാതെ കോടതിയെ സമീപിച്ച എന്‍എസ്എസ് നിലപാടാണ് ശരിയെന്ന് മന്ത്രി പറഞ്ഞു.

അതിനിടെ, ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ കേരളത്തില്‍ പ്രതിഷേധം ശക്തമാവുകയാണ്. എന്‍ഡിഎയുടെ നേതൃത്വത്തിലുളള ശബരിമല സംരക്ഷണയാത്രയ്ക്ക് ഇന്ന് തുടക്കമായി. ബിഡിജെഎസ് നേതാവ് തുഷാര്‍ വെള്ളാപ്പളളി ജാഥ ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന പ്രസിഡന്റായ പി.എസ്.ശ്രീധരന്‍പിളളയാണ് ലോങ് മാര്‍ച്ച് നയിക്കുന്നത്. പന്തളത്ത് നിന്ന് ആരംഭിക്കുന്ന ജാഥ ആലപ്പുഴ കൊല്ലം ജില്ലകളിലെ പര്യടനത്തിന് ശേഷം 15 ന് തിരുവനന്തപുരത്താണ് സമാപിക്കുക.

വിധിക്കെതിരെ ഹൈന്ദവ സംഘടനകളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളും നടക്കുന്നുണ്ട്. അയ്യപ്പധര്‍മ്മ സമിതി വിവിധ ജില്ലകളിൽ റോഡ് ഉപരോധിച്ചു. വരുംദിവസങ്ങളില്‍ സമരം ശക്തമാക്കാനാണ് ഹൈന്ദവ സംഘടനകളുടെ നീക്കം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.