സന്നിധാനം: ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് ആചാരലംഘനം നടത്തിയെന്ന് പരാതി. ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ഇതോടെ ശങ്കരദാസിനെതിരെ പരാതിയുമായി സംഘപരിവാർ രംഗത്തെത്തി. ഇന്നലെ നടന്ന ആഴിപൂജയ്ക്ക് ശേഷമാണ് മേൽശാന്തിക്കും തന്ത്രിക്കും പിന്നാലെയാണ് ശങ്കരദാസ് ഉൾപ്പെടെ മൂന്നു പേർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത്.

നേരത്തെ, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറിനിന്ന് പ്രതിഷേധക്കാരെ നിയന്ത്രിച്ചത് വിവാദമായിരുന്നു. ഈ സംഭവം അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനുപിന്നാലെയാണ് ദേവസ്വം ബോർഡ് അംഗം തന്നെ ആചാര ലംഘനം നടത്തിയെന്ന് പരാതി ഉയരുന്നത്.


(വീഡിയോ കടപ്പാട്: മനോരമ ന്യൂസ്)

അതിനിടെ, ശബരിമലയിൽ ആചാരലംഘനം നടന്നെന്ന് തന്ത്രി കണ്ഠരര് രാജീവരര് മാത്യൃഭൂമി ന്യൂസിനോട് പറഞ്ഞു. പൂജാരിമാർക്കും പന്തളം കൊട്ടാരപ്രതിനിധിക്കും മാത്രമാണ് കെട്ടില്ലാതെ പടി കയറാൻ അനുവാദം. മറ്റാരെങ്കിലും ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാംപടി കയറിയാൽ ആചാരലംഘനമെന്നും തന്ത്രി പറഞ്ഞു. പരാതി കിട്ടിയാൽ പരിഹാരക്രിയകൾ ചെയ്യുമെന്നും തന്ത്രി വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.