തിരുവനന്തപുരം: ദേവസ്വം ബോർഡ് യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. ശബരിമലയിൽ നട തുറന്നപ്പോഴുണ്ടായ സംഭവ വികാസങ്ങൾ ദേവസ്വം ബോർഡിന്റെ പ്രതിവാര യോഗത്തിൽ ചർച്ചയാകും. പതിനെട്ടാംപടിയിൽ വത്സൻ തില്ലങ്കേരി നടത്തിയ ആചാരലംഘനം, നടയടക്കുന്നത് സംബന്ധിച്ച് തന്ത്രി കണ്ഠരര് രാജീവരര് ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻ പിള്ളയോട് ഉപദേശം തേടിയത് എന്നീ സംഭവങ്ങളിൽ എടുക്കേണ്ട നടപടികൾ യോഗത്തിൽ ചർച്ചയായേക്കും.

നേരത്തെ കണ്ഠരര് രാജീവരരില്‍ നിന്നും വിശദീകരണം തേടാൻ ദേവസ്വം ബോർഡ് തീരുമാനിച്ചിരുന്നു. രാവിലെ 10 ന് തിരുവനന്തപുരത്ത് ദേവസ്വം ബോർഡ് ആസ്ഥാനത്ത് വച്ചാണ് യോഗം. വത്സന്‍ തില്ലങ്കേരിയെ കൂടാതെ ദേവസ്വം ബോർഡ് അംഗം കെ.പി.ശങ്കരദാസ് ആചാരലംഘനം നടത്തിയതായും പരാതി ഉയര്‍ന്നിരുന്നു.

ഇരുമുടിക്കെട്ടില്ലാതെ ശങ്കരദാസ് പതിനെട്ടാം പടി കയറുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ഇതോടെ ശങ്കരദാസിനെതിരെ പരാതിയുമായി സംഘപരിവാർ രംഗത്തെത്തി. ആഴിപൂജയ്ക്ക് ശേഷമാണ് മേൽശാന്തിക്കും തന്ത്രിക്കും പിന്നാലെ ശങ്കരദാസ് ഉൾപ്പെടെ മൂന്നു പേർ ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടി കയറിയത്.

നേരത്തെ, ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരി ഇരുമുടിക്കെട്ടില്ലാതെ പതിനെട്ടാം പടിയിൽ കയറിനിന്ന് പ്രതിഷേധക്കാരെ നിയന്ത്രിച്ചത് വിവാദമായിരുന്നു. ഈ സംഭവം അന്വേഷിക്കുമെന്ന് ദേവസ്വം ബോർഡ് അറിയിച്ചതിനുപിന്നാലെയാണ് ദേവസ്വം ബോർഡ് അംഗം തന്നെ ആചാര ലംഘനം നടത്തിയെന്ന പരാതി ഉയര്‍ന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ