ശബരിമല സുപ്രീം കോടതി വിധിക്കെതിരെ ദേവസ്വം ബോർഡ് പുനഃപരിശോധന ഹർജി നൽകുന്ന കാര്യം ആലോചിച്ചിട്ടില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ്. ശബരിമലയിൽ സ്ത്രീകൾക്ക് പ്രായഭേദമന്യേ പ്രവേശനം അനുവദിച്ചുകൊണ്ട് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ വിധിക്കെതിരെ പുനഃപരിശോധന ഹർജി നൽകുമെന്ന് ഇന്നലെ വാർത്ത വന്നിരുന്നു.

ദേവസ്വം ബോർഡ് സർക്കാർ തീരുമാനത്തിനൊപ്പമാണെന്നും മറിച്ചുളള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പത്മകുമാർ അവകാശപ്പെട്ടതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

തന്നെ മുഖ്യമന്ത്രി ശാസിച്ചതായി വാർത്തൾ വരുന്നുണ്ട്, തന്നെ ശാസിക്കാനുളള അവകാശം മുഖ്യമന്ത്രിക്ക് ഉണ്ടെന്ന് പത്മകുമാർ പറഞ്ഞു. സർക്കാരിന് വിരുദ്ധമായി ഒരു നിലപാടും ദേവസ്വംബോർഡ് സ്വീകരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ മാധ്യമങ്ങളോട് സംസാരിച്ചത്. നേരത്തെ തന്നെ ശബരിമലയ വിഷയത്തിൽ സുപ്രീം കോടതിയിൽ സർക്കാരും ദേവസ്വം ബോർഡും രണ്ട് നിലപാട് സ്വീകരിച്ചത് വിവാദമായിരുന്നു. ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ നിലപാട് എൽ ഡി എഫിന്റെ നിലപാടിന് എതിരാണ് എന്ന വിമർശനവും നേരത്തെ ഉയർന്നിരുന്നു. ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ പത്മകുമാറിന്റെ നിലപാടിൽ അതൃപ്തി രേഖപ്പെടുത്തിയതായി റിപ്പോർട്ടുകൾ വന്നിരുന്നു.

ഇതേസമയം, കോൺഗ്രസിന് പിന്നാലെ ബി ജെ പിയും ഈ​ വിഷയത്തിൽ രംഗത്തു വന്നു. ആദ്യം കോൺഗ്രസ് ആയിരുന്നു വിശ്വാസത്തിന്റെ വിഷയം ഉന്നയിച്ച് രംഗത്തെത്തിയത്. ശബരിമല വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകണമെന്ന് കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു. വിശ്വാസികൾക്കൊപ്പം സമരത്തിനുണ്ടാകുമെന്നാണ് ബി ജെപി പ്രസിഡന്റ് പി എസ് ശ്രീധരൻ പിളള ഈ വിഷയത്തിൽ അഭിപ്രായപ്പെട്ടത്.

ഇതേസമയം, സർക്കാർ കോടതിവിധി നടപ്പാക്കുന്ന നയങ്ങളുമായി മുന്നോട്ട് പോവുകയാണ്. ശബരിമല ദർശനത്തിന് എത്തുമ്പോൾ സ്ത്രീകൾക്ക് ആവശ്യമായ സൗകര്യം ഒരുക്കുമെന്ന് ഉന്നതതല യോഗത്തിന് ശേഷം ദേവസ്വംമന്ത്രി കടകംപളളി സുരേന്ദ്രൻ അറിയിച്ചു. സ്ത്രീകൾക്ക് പ്രത്യേക ടോയിലറ്റ് സൗകര്യവും വിരിവെയ്ക്കാൻ​ പ്രത്യേക സൗകര്യവും ബസ്സിൽ 25 ശതമാനം സീറ്റ് സംവരണവും ഏർപ്പെടുത്തുമെന്ന് അദ്ദേഹം അറിയിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.