പമ്പ: ശബരിമലയിൽ സ്ത്രീകൾ കയറിയതിനുപിന്നാലെ ശുദ്ധിക്രിയ നടത്തിയ സംഭവത്തിൽ വിശദീകരണം നൽകാൻ തന്ത്രിക്ക് സമയം നീട്ടി നൽകി. രണ്ടാഴ്ചത്തെ സമയമാണ് കണ്ഠരര് രാജീവർക്ക് നൽകിയത്. നേരത്തെ 15 ദിവസത്തെ സമയമാണ് ദേവസ്വം ബോർഡ് നൽകിയിരുന്നത്.

ശബരിമലയിൽ ബിന്ദുവും കനകദുർഗ്ഗയും ദർശനം നടത്തിയതിനുപിന്നാലെയാണ് തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. ഇത് വലിയ വിവാദത്തിന് ഇടയാക്കിയിരുന്നു. തന്ത്രിയുടെ നടപടിയെ വിമർശിച്ച് ദേവസ്വം ബോർഡും മന്ത്രിമാരും രംഗത്തുവന്നിരുന്നു. സംഭവത്തിൽ വിശദീകരണം നൽകണമെന്നാവശ്യപ്പെട്ട് ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസും നൽകിയിരുന്നു. ഇതിന്റെ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് സമയം നീട്ടി നൽകിയത്.

നോട്ടീസിന് മറുപടി നൽകാൻ സമയം നീട്ടി നൽകണമെന്ന് തന്ത്രി ദേവസ്വം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു. ഇതനുസരിച്ചാണ് രണ്ടാഴ്ചത്തെ സമയം കൂടി നൽകിയത്. തന്ത്രിക്ക് നിയമോപദേശം തേടുന്നതിനാണ് സമയം നീട്ടി നൽകിയത്.

അതേസമയം, ശബരിമലയിലെ യുവതീപ്രവേശനം സംബന്ധിച്ചുള്ള റിട്ട് ഹർജികൾ ഫെബ്രുവരി എട്ടിന് പരിഗണിച്ചേക്കും. സുപ്രീം കോടതി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന താൽക്കാലിക തീയതി പ്രകാരമാണിത്. പുനഃപരിശോധന ഹർജികൾ പരിഗണിക്കുന്നത് സംബന്ധിച്ച തീയതിയിൽ വ്യക്തത വന്നിട്ടില്ല.

നേരത്തെ, റിട്ട് ഹർജികൾ ഈ മാസം 22 ന് പരിഗണിക്കുമെന്നായിരുന്നു സുപ്രീം കോടതി അറിയിച്ചിരുന്നത്. എന്നാൽ അഞ്ചംഗ ഭരണഘടന ബെഞ്ചിലെ അംഗമായ ഇന്ദു മൽഹോത്ര അവധിയിലായതിനാൽ റിട്ട് ഹർജികൾ മാറ്റുകയായിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എൻ.ഖാൻവീൽക്കര്‍, ഇന്ദു മൽഹോത്ര, റോഹിൻടൺ നരിമാൻ എന്നിവരാണ് ഭരണഘടനാ ബെഞ്ചിലെ അംഗങ്ങൾ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.