കൊല്ലം: ദേവനന്ദയുടേത് മുങ്ങി മരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മൃതദേഹം കണ്ടെത്തുന്നതിന് 18 മുതൽ 20 മണിക്കൂർ മുൻപ് മരണം സംഭവിച്ചു. മൃതദേഹം അഴുകി തുടങ്ങിയിരുന്നു. വയറ്റിൽ വെളളവും ചെളിയും കലർന്നിരുന്നുവെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. പൊലീസിന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് കൈമാറി. ആന്തരിക രാസപരിശോധനാ ഫലമാണ് ഇനി ലഭിക്കാനുളളത്. ഇതും കൂടി ലഭിക്കുന്നതോടെ കേസിൽ വഴിത്തിരിവുണ്ടാകുമെന്നാണു പൊലീസ് കരുതുന്നത്.
കുടവട്ടൂർ നന്ദനത്തിൽ സി.പ്രദീപിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ മൃതദേഹം വെളളിയാഴ്ച രാവിലെ വീടിനു സമീപത്തെ പുഴയിലാണ് കണ്ടെത്തിയത്. വാക്കനാട് സരസ്വതീ വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. വീടിനു 400 മീറ്ററോളം അകലെനിന്നാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്.
Read Also: ഡൽഹി കൂട്ടബലാത്സംഗം: മരണ വാറന്റ് സ്റ്റേ ചെയ്തു, പ്രതികളെ നാളെ തൂക്കിലേറ്റില്ല
വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ദേവനന്ദയെ കാണാതാവുന്നത്. ഉറങ്ങിക്കിടന്ന 3 മാസം പ്രായമുളള ഇളയ കുഞ്ഞിനെ നോക്കാൻ ദേവനന്ദയെ ഏൽപ്പിച്ച് അമ്മ ധന്യ തുണി കഴുകാൻ പോയി. ഏതാനും മിനിറ്റ് കഴിഞ്ഞ മടങ്ങിയെത്തുമ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. രാത്രി മുഴുവൻ അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. പിറ്റേന്ന് രാവിലെ ഏഴേകാലിനാണ് മൃതദേഹം കണ്ടെത്തിയത്.