കൊല്ലം: ഇത്തിക്കരയറ്റിൽ മുങ്ങിമരിച്ച നിലയിൽകണ്ടെത്തിയ ആറു വയസുകാരി ദേവനന്ദയുടെ മൃതദേഹം സംസ്കരിച്ചു. ദേവനന്ദയുടേത് മുങ്ങിമരണമെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ പോസ്റ്റ്‌മോർട്ടം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പൂർത്തിയായി. കാണാതായി ഒരു മണിക്കൂറിനുള്ളിൽ മരണം സംഭവിച്ചു. കുട്ടിയുടെ ശ്വാസകോശത്തിലും വയറിലും ചെളിയും വെള്ളവും കണ്ടെത്തിയിരുന്നു.
ഉപദ്രവിപ്പിക്കപ്പെട്ടതിന്റെയോ ബലംപ്രയോഗിച്ചതിന്റെയോ ലക്ഷണങ്ങളൊന്നും ശരീരത്തിലില്ല. കാലുതെറ്റി വെള്ളത്തില്‍ വീണതാകാന്‍ സാധ്യതയെന്നാണ് പോസ്റ്റ്‌മോർട്ടത്തിലെ നിഗമനം. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം കൊല്ലത്തേക്ക് കൊണ്ടുപോയി. വസ്ത്രങ്ങളെല്ലാം കുട്ടിയുടെ ശരീരത്തിൽ ഉണ്ടായിരുന്നെന്ന് ഇൻക്വസ്റ്റ് റിപ്പോർട്ടിൽ പറയുന്നു.
Read Also: മതം വിട്ട പെണ്ണ്; യുക്‌തിവാദിയാകാനുള്ള കാരണം വ്യക്‌തമാക്കി ജെസ്‌ല
കുട്ടിയുടെ മരണത്തിൽ അസ്വാഭാവികതയുണ്ടെന്ന് നാട്ടുകാർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ, പോസ്റ്റ്‌മോർട്ടത്തിനു ശേഷം പുറത്തുവന്ന പ്രാഥമിക നിഗമനങ്ങൾ അനുസരിച്ച് മരണത്തിൽ അസ്വാഭാവികതയില്ലെന്നാണ് പറയുന്നത്.
ഇരുപത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ദേവനന്ദയുടെ മൃതദേഹം മുങ്ങൽ വിദഗ്‌ധർ കണ്ടെത്തുന്നത്. വെളളത്തിൽ കമിഴ്‌ന്നുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്നു രാവിലെ ദേവനന്ദയ്‌ക്കായി പുഴയിൽ തിരച്ചിൽ നടത്തിയത്.
ഇന്നലെ കുട്ടിയെ കാണാതായ വാർത്ത പുറത്തുവന്നതിനു പിന്നാലെ മുങ്ങൽ വിദഗ്‌ധർ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് നായ മണംപിടിച്ചെത്തിയത് പുഴയോരത്തേക്കാണ്. ഇതേത്തുടർന്നാണ് പുഴയിൽ ഇന്നലെ തന്നെ തിരച്ചിൽ നടത്തിയത്. എന്നാൽ, പരിശ്രമം വിഫലമായി. പിന്നീട് ഇന്നു രാവിലെ ഏഴോടെ മുങ്ങൽ വിദഗ്‌ധർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. 7.35 ഓടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.
Read Also: ഇതെന്റെ ജീവിതം, എന്റെ മുഖവും; പ്ലാസ്റ്റിക് സർജറി ചെയ്തതായി സമ്മതിച്ച് ശ്രുതി ഹാസൻ
മണൽവാരലിനെത്തുടർന്ന് പുഴയിൽ പലയിടത്തും വലിയ കുഴികളും ഉണ്ട്. പാറകളും നല്ല അടിയൊഴുക്കുമുണ്ട്. അതിനാലാണ് ഇന്നലത്തെ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ സാധിക്കാതിരുന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.