കൊച്ചി: ദേവനന്ദയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രമുഖർ. രാഷ്ട്രീയ പ്രവർത്തകരും സിനിമാ താരങ്ങളും ദേവനന്ദയ്‌ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. ദേവനന്ദയുടെ മരണത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ദേവനന്ദയുടെ കുടുംബത്തിന്റെയും ബന്ധുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായും മുഖ്യമന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
മന്ത്രിമാരായ ഇ.പി.ജയരാജൻ, ജെ.മേഴ്‌സിക്കുട്ടിയമ്മ, ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ, കൊല്ലം എംപി എൻ.കെ.പ്രേമചന്ദ്രൻ തുടങ്ങിയവരും അനുശോചനം അറിയിച്ചു. മരണത്തിലെ ദുരൂഹത നീക്കാൻ പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ പറഞ്ഞു. മരണകാരണം കണ്ടെത്താൻ അന്വേഷണം നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി സി.രവീന്ദ്രനാഥ് പറഞ്ഞു.
നടൻമാരായ മമ്മൂട്ടി, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ, ദുൽഖർ സൽമാൻ, നിവിൻ പോളി തുടങ്ങിയവരും ദേവനന്ദയുടെ മരണത്തിൽ ദുഃഖം രേഖപ്പെടുത്തി.
കുറ്റിക്കാടിനു സമീപത്തെ പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടിയെ കാണാതായിട്ട് 20 മണിക്കൂർ പിന്നിടുമ്പോഴാണ് മൃതദേഹം കണ്ടെത്തുന്നത്. ഇന്നലെ രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നു കാണാതാകുന്നത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്.
ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് ഇന്നു രാവിലെ കേരളത്തിലെത്തി. തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ.
അതേസമയം, കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ഉഷ പറഞ്ഞു. വീട്ടിൽ നിന്നും 700 മീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇത്ര ദൂരം കുട്ടി തനിച്ചു നടന്നുവരില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാരും അയൽവാസികളും പറയുന്നു. കൂടുതൽ അന്വേഷണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്.
Read Also: പൊലീസ് നായ മണംപിടിച്ചെത്തിയത് പുഴയോരത്ത്; തലമുടി മുള്ളിൽ ഒടക്കി കിടന്നു
കുട്ടിയെ കാണാതായ നിമിഷം മുതൽ ഇത്തിക്കരയാറ്റിൽ മുങ്ങൽ വിദഗ്‌ധർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇന്നലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തിയില്ല. ഇതിൽ ചില ദുരൂഹതകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്.
പുലർച്ചെ മൂന്ന് മണിവരെ കുട്ടിയെ അന്വേഷിച്ചു എന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുമുറ്റത്ത് പോലും ഇറങ്ങാത്ത കുട്ടിയാണെന്നും അങ്ങനെയൊരു കുട്ടി തനിച്ച് പുഴയിലേക്ക് എത്തിയതിൽ സംശയമുണ്ടെന്നും നാട്ടുകാർ പറഞ്ഞു. പുഴയിൽ അടിയൊഴുക്ക് കുറവാണെന്ന് പരിസരവാസികൾ പറയുന്നു. പൊലീസ് അന്വേഷണം നടക്കണം, കുട്ടിയെ കൊലപ്പെടുത്തിയതാണെങ്കിൽ അവരെ വെറുതെവിടരുതെന്നും നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു.