കൊല്ലം: ഇരുപത് മണിക്കൂർ നീണ്ട തിരച്ചിലിനൊടുവിലാണ് ദേവനന്ദയുടെ മൃതദേഹം മുങ്ങൽ വിദഗ്‌ധർ കണ്ടെത്തുന്നത്. വെളളത്തിൽ കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥരാണ് ഇന്നു രാവിലെ ദേവനന്ദയ്‌ക്കായി പുഴയിൽ തിരച്ചിൽ നടത്തിയത്.

ഇന്നലെ കുട്ടിയെ കാണാതായ വാർത്ത പുറത്തുവന്നതിനു പിന്നാലെ മുങ്ങൽ വിദഗ്‌ധർ പുഴയിൽ തിരച്ചിൽ നടത്തിയിരുന്നു. പൊലീസ് നായ മണംപിടിച്ചെത്തിയത് പുഴയോരത്തേക്കാണ്. ഇതേ തുടർന്നാണ് പുഴയിൽ ഇന്നലെ തന്നെ തിരച്ചിൽ നടത്തിയത്. എന്നാൽ, പരിശ്രമം വിഫലമായി. പിന്നീട് ഇന്നു രാവിലെ ഏഴു മണിയോടെ മുങ്ങൽ വിദഗ്‌ധർ വീണ്ടും തിരച്ചിൽ ആരംഭിച്ചു. 7.35 ഓടെ ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി.

Read Also: ദേവനന്ദയുടെ മരണം: ദുരൂഹതയുണ്ടെന്ന് നാട്ടുകാർ

പുഴയിൽ നല്ല അടിയൊഴുക്ക് ഉണ്ടെന്നാണ് തിരച്ചിൽ നടത്തിയ കോസ്റ്റൽ പൊലീസ് ഉദ്യോഗസ്ഥൻ പറയുന്നത്. കുട്ടിയുടെ തലമുടി പുഴയിലെ മുള്ളുവള്ളിയിലുടക്കി കിടന്നു. അതുകൊണ്ടാണ് മൃതദേഹം കൂടുതൽ ദൂരത്തേക്ക് ഒഴുകി പോകാതിരുന്നത്. തലമുടി മുള്ളുവള്ളിയിൽ കുടുങ്ങിയില്ലായിരുന്നെങ്കിൽ മൃതദേഹം കൂടുതൽ ഒഴുകി പോയി മറ്റെവിടെയെങ്കിലും പൊങ്ങുമായിരുന്നേനെ. പുഴയ്‌ക്ക് കുറുകെ ഒരു നടപ്പാലമുണ്ട്. ആ പാലത്തിന്റെ വിള്ളലിലൂടെയാണ് മൃതദേഹം ഒഴുകിവന്നതെന്നാണ് കോസ്റ്റൽ ഉദ്യോഗസ്ഥൻ പറയുന്നത്.

പുഴ നിരപ്പായ നിലയിലല്ല. പലയിടത്തും പാറകളും കുഴികളും ഉണ്ട്. മണൽവാരിയതിനാൽ പലയിടത്തും വലിയ കുഴികളുണ്ട്. അതോടൊപ്പം നല്ല അടിയൊഴുക്കും. അതിനാലാണ് ഇന്നലത്തെ തിരച്ചിലിൽ മൃതദേഹം കണ്ടെത്താൻ സാധിക്കാതിരുന്നതാണെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

അതേസമയം, കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ഉഷ പറഞ്ഞു. വീട്ടിൽനിന്നും700 മീറ്ററോളം അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇത്ര ദൂരും കുട്ടി തനിച്ചു നടന്നുവരില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാരും അയൽവാസികളും പറയുന്നു. കൂടുതൽ അന്വേഷണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ.മേഴ്‌സിക്കുട്ടിയമ്മ അറിയിച്ചു.

Read Also: ജോളി കടുത്ത വിഷാദരോഗി; ഇനിയും ആത്മഹത്യക്ക് ശ്രമിച്ചേക്കാമെന്ന് പൊലീസ്

കുട്ടിയെ കാണാതായ നിമിഷം മുതൽ ഇത്തിക്കരയാറ്റിൽ മുങ്ങൽ വിദഗ്‌ധർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇന്നലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തിയില്ല. 20 മണിക്കൂറിനു ശേഷമാണ് ഇന്നു മൃതദേഹം കിട്ടിയത്. ഇതിൽ ചില ദുരൂഹതകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ മൂന്ന് മണിവരെ കുട്ടിയെ അന്വേഷിച്ചുവെന്ന് നാട്ടുകാർ പറഞ്ഞു. വീട്ടുമുറ്റത്ത് പോലും ഇറങ്ങാത്ത കുട്ടിയാണെന്നും അങ്ങനെയൊരു കുട്ടി തനിച്ച് പുഴയിലേക്ക് എത്തിയതിൽ സംശയമുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. പുഴയിൽ അടിയൊഴുക്ക് കുറവാണെന്ന് പരിസരവാസികൾ പറയുന്നു. പൊലീസ് അന്വേഷണം നടക്കണം, കുട്ടിയെ കൊലപ്പെടുത്തിയതാണെങ്കിൽ അവരെ വെറുതെവിടരുതെന്നും നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഇന്നലെ രാവിലെ 10 മണിയോടെയാണ് കുട്ടിയെ വീട്ടിൽ നിന്നു കാണാതാകുന്നത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്. ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് ഇന്നു രാവിലെ കേരളത്തിലെത്തി. തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളാണ് ആറു വയസുകാരി ദേവനന്ദ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.