കൊല്ലം: ആറു വയസുകാരി ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ. കൊല്ലം പള്ളിമൺ ഇളവൂരിൽ വീടിനകത്ത് കളിച്ചുകൊണ്ടിരുന്ന ദേവനന്ദയെ ഇന്നലെ രാവിലെ 10 മണിയോടെയാണ് കാണാതാകുന്നത്. ഇന്ന് രാവിലെ 7.35 ഓടെ ദേവനന്ദയുടെ മൃതദേഹം വീടിനു അടുത്തുള്ള ഇത്തിക്കരയാറ്റിൽ നിന്നു കണ്ടെത്തുകയായിരുന്നു.
കുട്ടിയുടെ മൃതദേഹം പുഴയിൽ നിന്നു കണ്ടെത്തിയതിൽ ദുരൂഹതയുണ്ടെന്ന് പഞ്ചായത്തംഗം ഉഷ പറഞ്ഞു. വീട്ടിൽ നിന്നും 700 മീറ്ററോളം അകലെനിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഇത്ര ദൂരം കുട്ടി തനിച്ചു നടന്നുവരില്ലെന്നും മരണത്തിൽ ദുരൂഹതയുണ്ടെന്നും നാട്ടുകാരും അയൽവാസികളും പറയുന്നു. കൂടുതൽ അന്വേഷണം വേണമെന്നാണ് നാട്ടുകാർ ആവശ്യപ്പെട്ടിരിക്കുന്നത്. പഴുതടച്ച അന്വേഷണം നടത്തുമെന്ന് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ അറിയിച്ചു.
Read Also: കാത്തിരിപ്പ് വിഫലം; ഇത്തിക്കരയാറ്റിൽ നിന്നു ദേവനന്ദയുടെ മൃതദേഹം കണ്ടെത്തി
കുട്ടിയെ കാണാതായ നിമിഷം മുതൽ ഇത്തിക്കരയാറ്റിൽ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയിരുന്നു. എന്നാൽ, ഇന്നലെ നടത്തിയ തിരച്ചിലിൽ കുട്ടിയെ കണ്ടെത്തിയില്ല. 20 മണിക്കൂറിനു ശേഷമാണ് ഇന്നു രാവിലെ മൃതദേഹം കിട്ടിയത്. ഇതിൽ ചില ദുരൂഹതകളുണ്ടെന്നാണ് നാട്ടുകാർ പറയുന്നത്. പുലർച്ചെ മൂന്ന് മണിവരെ കുട്ടിയെ അന്വേഷിച്ചുവെന്ന് നാട്ടുകാർ പറയുന്നു. വീട്ടുമുറ്റത്ത് പോലും ഇറങ്ങാത്ത കുട്ടിയാണെന്നും അങ്ങനെയൊരു കുട്ടി തനിച്ച് പുഴയിലേക്ക് എത്തിയതിൽ സംശയമുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി. പുഴയിൽ അടിയൊഴുക്ക് കുറവാണെന്ന് പരിസരവാസികൾ പറയുന്നു. പൊലീസ് അന്വേഷണം നടക്കണം, കുട്ടിയെ കൊലപ്പെടുത്തിയതാണെങ്കിൽ അവരെ വെറുതെവിടരുതെന്നും നാട്ടുകാർ മാധ്യമങ്ങളോട് പ്രതികരിച്ചു.
ഇന്നലെ തിരച്ചിൽ നടത്താത്ത ഭാഗത്ത് ഇന്നു രാവിലെ മുങ്ങൽ വിദഗ്ധർ തിരച്ചിൽ നടത്തിയിരുന്നു. ആ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റിക്കാടിനു സമീപത്തെ പുഴയിൽ കമിഴ്ന്ന് കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. കുട്ടിയെ കാണാതായതിനു പിന്നാലെ പൊലീസ് നായ മണം പിടിച്ച് ആദ്യം എത്തിയത് ഇത്തിക്കരയാറ്റിലേക്കാണ്.
Read Also: ജോളി കടുത്ത വിഷാദരോഗി; ഇനിയും ആത്മഹത്യക്ക് ശ്രമിച്ചേക്കാമെന്ന് പൊലീസ്
ഇന്നലെ രാവിലെയാണ് കുട്ടിയെ കാണാതായത്. വീടിന്റെ പിന്നിൽ തുണി കഴുകുകയായിരുന്ന അമ്മ ധന്യ വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. ദേവനന്ദയെ വീട്ടിലെ സോഫയിൽ ഇരുത്തിയ ശേഷമാണ് ധന്യ തുണി കഴുകാൻ പോയത്. ധന്യ തുണി കഴുകാൻ പോയ നേരത്ത് ദേവനന്ദ പുറത്തിറങ്ങിയതാകുമെന്നാണ് നിഗമനം. വീടിനു തൊട്ടടുത്ത് തന്നെയാണ് ഇത്തിക്കരയാറ്. പുഴയിൽ കുട്ടി കാൽ തെറ്റി വീണതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കുട്ടിയെ കാണാതായ വിവരമറിഞ്ഞ് വിദേശത്തുള്ള പിതാവ് പ്രദീപ് ഇന്നു രാവിലെ കേരളത്തിലെത്തി. തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ.