scorecardresearch

ദേവനന്ദ ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല, മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുത്തച്ഛൻ

കഴിഞ്ഞ ദിവസം കാണാതായ കുടവട്ടൂർ നന്ദനത്തിൽ സി.പ്രദീപിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ മൃതദേഹം ഇന്നലെ രാവിലെ വീടിനു സമീപത്തെ പുഴയിലാണ് കണ്ടെത്തിയത്

deva nanda, ie malayalam

കൊല്ലം: ദേവനന്ദയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് മുത്തച്ഛൻ മോഹനൻ പിളള. പരിചയമില്ലാത്ത വഴിയിലൂടെ കുട്ടി ഒറ്റയ്ക്ക് പുഴയിലേക്ക് പോകില്ല. അയൽവീട്ടിൽ പോലും പോകാത്ത കുട്ടിയായിരുന്നു. വീട്ടുകാരുടെയോ ബന്ധുക്കളുടെയോ ഒപ്പം മാത്രമേ പുറത്തു പോകാറുളളൂ. കുട്ടിയെ തട്ടിക്കൊണ്ടു പോയതാണെന്നും മുത്തച്ഛൻ ആരോപിച്ചു. അതേസമയം, ബന്ധുക്കളുടെ ആരോപണത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. കുടുംബാംഗങ്ങളുടെയും നാട്ടുകാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തും.

കഴിഞ്ഞ ദിവസം കാണാതായ കുടവട്ടൂർ നന്ദനത്തിൽ സി.പ്രദീപിന്റെയും ധന്യയുടെയും മകൾ ദേവനന്ദയുടെ മൃതദേഹം ഇന്നലെ രാവിലെ വീടിനു സമീപത്തെ പുഴയിലാണ് കണ്ടെത്തിയത്. വാക്കനാട് സരസ്വതീ വിദ്യാനികേതൻ സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയായിരുന്നു. ദേവനന്ദയുടേത് മുങ്ങിമരണമെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തിൽ ചതവോ മുറിവോ ബലപ്രയോഗത്തിന്റെ പാടുകളോ ഇല്ല. ആന്തരികാവയങ്ങളുടെ രാസപരിശോധനാ ഫലം കൂടി വന്നാലേ മുങ്ങിമരണമാണോയെന്നത് സ്ഥിരീകരിക്കാനാവൂ.

Read Also: ജസ്റ്റിസ് മുരളീധറിന്റെ സ്ഥലം മാറ്റം: ഉത്തരവ് പുറപ്പെടുവിക്കുന്നതില്‍ കൂടുതല്‍ ശ്രദ്ധ വേണമെന്ന് മുന്‍ ചീഫ് ജസ്റ്റിസ്

വീടിനു 400 മീറ്ററോളം അകലെനിന്നാണ് ദേവനന്ദയുടെ മൃതദേഹം കണ്ടെടുത്തത്. ഇത്രദൂരം കുട്ടി എങ്ങനെ എത്തിയതെന്നു വ്യക്തമല്ല. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് ദേവനന്ദയെ കാണാതാവുന്നത്. ഉറങ്ങിക്കിടന്ന 3 മാസം പ്രായമുളള ഇളയ കുഞ്ഞിനെ നോക്കാൻ ദേവനന്ദയെ ഏൽപ്പിച്ച് അമ്മ ധന്യ തുണി കഴുകാൻ പോയി. ഏതാനും മിനിറ്റ് കഴിഞ്ഞ മടങ്ങിയെത്തുമ്പോൾ കുട്ടിയെ കാണാനില്ലായിരുന്നു. രാത്രി മുഴുവൻ അഗ്നിരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും ഫലം കണ്ടില്ല. ഇന്നലെ രാവിലെ ഏഴേകാലിനാണ് മൃതദേഹം കണ്ടെത്തിയത്. കാണാതായ ദേവനന്ദ ഒരു മണിക്കൂറിനകം മരിച്ചെന്നാണ് പോസ്റ്റ്മോർട്ടം ചെയ്ത ഡോക്ടർമാരുടെ നിഗമനം.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Devananda death grand father alleges kidnapping of kid