കൊല്ലം: വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ആറ് വയസ്സുകാരി ദേവനന്ദയെ കാണാതായിട്ട് മണിക്കൂർ കഴിയുന്നു. ഇതുവരെയും കുട്ടിയെ കണ്ടെത്താനായിട്ടില്ല. കൊല്ലം നെടുമൺകാവ് ഇളവൂരിലെ വീട്ടിൽ നിന്നാണ് ദേവനന്ദയെ കാണാതായത്. ഇന്നു രാവിലെ 11 നാണ് കുട്ടിയെ കാണാതായതെന്ന് മാതാപിതാക്കൾ പറയുന്നു. തളത്തിൽമുക്ക് ധനേഷ് ഭവനിൽ പ്രദീപിന്റെയും ധന്യയുടെയും മകളാണ് ദേവനന്ദ.

സാമൂഹ്യമാധ്യമങ്ങളിൽ നിരവധി പേരാണ് ദേവനന്ദയ്‌ക്കു വേണ്ടി കെെ കൂപ്പുന്നത്. നടൻ കുഞ്ചാക്കോ ബോബൻ അടക്കമുള്ളവർ ദേവനന്ദയെ കാണാതായ വിവരം ഫെയ്‌സ്‌ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചിട്ടുണ്ട്. കുട്ടിയെ എങ്ങനെ കാണാതായി എന്നതിനെ കുറിച്ച് നാട്ടുകാർക്കോ പൊലീസിനോ വ്യക്‌തമായ ധാരണയില്ല.

Read Also: പൊതിച്ചോറ് മുതൽ ബിരിയാണി വരെ, ജയിൽ രുചി നുണയാം കൊച്ചി മെട്രോയിൽ

സംഭവം നടക്കുമ്പോൾ കുട്ടിയുടെ അമ്മ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ പിന്നിൽ അലക്കുകയായിരുന്നു അമ്മ. ദേവനന്ദ ആ സമയത്ത് കളിക്കാനായി പുറത്തിറങ്ങി. പിന്നീട് കുട്ടിയെ കാണാതായി. വീടിന്റെ അടുത്തുള്ള ക്ഷേത്രത്തിൽ ഉത്സവമായതിനാൽ കുട്ടി ഇന്നു സ്‌കൂളിൽ പോയില്ല.

പൊലീസും ഫയർഫോഴ്‌സും തിരച്ചിൽ തുടരുകയാണ്. വീടിന്റെ അടുത്ത് ഒരു പുഴയുണ്ട്. കുട്ടി പുറത്തിറങ്ങി കളിക്കുന്നതിനിടയിൽ പുഴയിലെങ്ങാനും വീണതാകുമോ എന്ന സംശയത്തെ തുടർന്ന് ഫയർഫോഴ്‌സ് തിരച്ചിൽ നടത്തി. എന്നാൽ കുട്ടിയെ കണ്ടെത്താനായില്ല.

കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്ന സംശയവും പൊലീസിനുണ്ട്. അഞ്ച് കിലോമീറ്റർ ചുറ്റളവിൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് വരികയാണ് പൊലീസ്. സമീപത്തെ പൊലീസ് സ്റ്റേഷനുകളിൽ വിവരം കൈമാറിയിട്ടുണ്ട്.

അതിനിടെ കുട്ടിയെ കണ്ടെത്തിയതായി സാമൂഹ്യമാധ്യമങ്ങളിൽ വ്യാജ വാർത്ത പ്രചരിച്ചിരുന്നു. വക്കനാട് സരസ്വതി വിദ്യാനികേതനിലെ വിദ്യാർഥിനിയാണ് ദേവനന്ദ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.