കോട്ടയം: മലയാളത്തിലെ പ്രമുഖ ഡിക്ടറ്റീവ് നോവലിസ്റ്റ് കോട്ടയം പുഷ്‌പനാഥ് (80) അന്തരിച്ചു. കോട്ടയത്തെ വസതിയിലായിരുന്നു അന്ത്യം. 1970 കളിലും 80 കളിലും മലയാളി വായനക്കാരെ ഹരം കൊളളിച്ച ഡിക്ടറ്റീവ് നോവലിസ്റ്റായിരുന്നു പുഷ്‌പനാഥ്.

ഒരു തലമുറയുടെ വായനാശീലത്തിലെ മറക്കാനാവാത്ത പേരുകളിലൊന്നായിരുന്നു കോട്ടയം പുഷ്‌പനാഥ്. കുറ്റാന്വേഷണത്തിന്റെ വഴികളും ഡിക്ടറ്റീവ് പുഷ്‌പനാഥ് എന്ന കഥാപാത്രവും എല്ലാം മലയാളത്തിലെ സാധാരണ വായനക്കാരിൽ പുതുമയുടെ വാതിലുകൾ തുറന്നവയായിരുന്നു.

മലയാളത്തിൽ ജനപ്രിയ സാഹിത്യം കൊടികുത്തി വാഴുന്ന കാലത്താണ് പുഷ്പനാഥ് തന്റെ വ്യത്യസ്തമായ ഡിക്ടറ്റീവ് നോവലുകളുമായി രംഗപ്രവേശം ചെയ്യുന്നത്. മലയാളത്തിലേയ്ക്ക് പരിഭാഷപ്പെടുത്തി വന്നിരുന്ന ദുർഗാപ്രസാധ് ഖത്രിയുടെ ഡിക്ടറ്റീവ് നോവലുകൾക്കൊപ്പം തന്നെ പുഷ്‌പനാഥിന്റെ നോവലുകളും ജനപ്രീതി നേടി.

നൂറിലേറെ ഡിറ്റക്ടീവ്, മാന്ത്രിക നോവലുകൾ അദ്ദേഹം രചിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ പല കഥകളും സിനിമയായിട്ടുണ്ട്.

ഏതാനും ആഴ്ചകൾക്ക് മുമ്പ് പുഷ്‌പനാഥിന്റെ മകൻ സലിം പുഷ്‌പനാഥ് നിര്യാതനായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ