scorecardresearch
Latest News

ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല

സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് മലയാളികൾ ഉൾപ്പെടെ 26 നാവികരെ നൈജീരിയയുടെ നിർദേശപ്രകാരം ഇക്വറ്റോറിയൽ ഗിനി തടവിലാക്കിയത്

indian crew, news, ie malayalam

കൊച്ചി: ആഫ്രിക്കൻ രാജ്യമായ ഇക്വറ്റോറിയൽ ഗിനിയിൽ തടവിലാക്കപ്പെട്ട നാവികരെ ഉടൻ നൈജീരിയയ്ക്ക് കൈമാറില്ല. കൈമാറാൻ കൌണ്ടുപോയ നാവികരെ തിരികെ മലാബോയിലെത്തിച്ചു.

തങ്ങളെ കപ്പല്‍ മാര്‍ഗം നൈജീരിയയിലേക്ക് കൊണ്ടുപോകാന്‍ നീക്കം നടക്കുന്നതായി ജീവനക്കാര്‍ പറഞ്ഞിരുന്നു. മുഴുവന്‍ നാവികരെയും ഹോട്ടല്‍ മുറിയില്‍ നിന്ന് പിടിച്ചുവച്ച കപ്പലിലേക്ക് മാറ്റി. ഈ കപ്പല്‍ കെട്ടി വലിച്ച് നൈജീരിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമമെന്നും കെട്ടിവലിക്കുന്ന ടെഗ് അടക്കം തയ്യാറായെന്നും കപ്പല്‍ ജീവനക്കാര്‍ പറഞ്ഞു.

അതേസമയം, നാവികരുടെ മോചനം വേഗത്തിലാക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു. സർക്കാർ എത്രയും വേഗത്തിൽ ഇടപെടണമെന്നാണ് കുടുംബങ്ങളുടെ ആവശ്യം. സമുദ്രാതിർത്തി ലംഘിച്ചെന്ന പേരിലാണ് മലയാളികൾ ഉൾപ്പെടെ 26 നാവികരെ നൈജീരിയയുടെ നിർദേശപ്രകാരം ഇക്വറ്റോറിയൽ ഗിനി തടവിലാക്കിയത്.

നാവികരെ മോചിപ്പിക്കുന്നതിനായി കേന്ദ്ര നയതന്ത്ര നീക്കം തുടങ്ങിയിരുന്നു. കപ്പലിന്റെ നിയമപരമായ യാത്ര സൂചിപ്പിക്കുന്ന പ്രധാന രേഖകൾ നൈജീരിയയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ നൈജീരിയയ്ക്ക് കൈമാറിയിരുന്നു.

നാവികരുടെ മോചനത്തിനായി നിരന്തരം ഗിനിയും നൈജീരിയയുമായി ബന്ധപ്പെടുന്നുണ്ടെന്ന് ഗിനിയിലെ ഇന്ത്യന്‍ എംബസിയും വ്യക്തമാക്കിയിരുന്നു. ജീവനക്കാരുമായും എംബസി സംസാരിക്കുന്നുണ്ട്. സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് നാവികരെ രക്ഷപ്പെടുത്താന്‍ ശ്രമിക്കുമെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Detained indian crew guinea may handover to nigeria seek help