ഇടുക്കി: സർക്കാർ ഭൂമി കയ്യേറിയവരെ സംബന്ധിച്ച് ഇടുക്കി ജില്ല ഭരണകൂടം വിശദമായ പട്ടിക തയ്യാറാക്കി. ദേവികുളം സബ്കളക്ടറും റവന്യൂ ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ് ഇത് തയ്യാറാക്കിയത്. ഉടുമ്പന്‍ചോല താലൂക്കില്‍ മാത്രം 28 വന്‍കിട കൈയ്യേറ്റക്കാരുണ്ടെന്ന് പട്ടികയിൽ പറയുന്നുണ്ട് , ഇവയിൽ ഭൂരിഭാഗം കയ്യേറ്റങ്ങളും ചിന്നക്കനാൽ വില്ലേജിലാണ്. 10 സെന്റിനു മുകളില്‍ ഭൂമി കൈയ്യേറിയ വന്‍കിടക്കാരുടെ മാത്രം പട്ടികയാണിത്. മുഖ്യമന്ത്രി വിളിച്ചിരിക്കുന്ന സര്‍വ്വകക്ഷി യോഗത്തിനു മുന്നോടിയായാണ് കയ്യേറ്റക്കാരുടെ പട്ടിക ഉണ്ടാക്കിയത്.

എം.എം മണിയുടെ സഹോദരന്‍ എം.എം ലംബോദരനും, സ്‌പിരിറ്റ് ഇന്‍ ജീസസ് അദ്ധ്യക്ഷന്‍ ടോം സഖറിയയും സി.പി.എം ശാന്തന്‍പാറ ഏരിയാ കമ്മറ്റി അംഗം, വി.എക്‌സ് ആല്‍ബിനും കയ്യേറ്റക്കാരുടെ പട്ടികയിൽ ഉണ്ടെന്നാണ് സൂചന. ടോമിന്‍ തച്ചങ്കരിയുടെ സഹോദരന്റെ സൂര്യനെല്ലിയിലെ കൈയ്യേറ്റത്തെക്കുറിച്ചും റവന്യു ഉദ്യോഗസ്ഥര്‍ വിവരം നല്‍കിയിട്ടുണ്ട്.

നാളെയാണ് മുഖ്യമന്ത്രി വിളിച്ച് ചേർത്തിരിക്കുന്ന സർവ്വകക്ഷിയോഗം നടക്കുന്നത്. പട്ടികയിലെ വിവരങ്ങള്‍ പുറത്തു പോകാതിരിക്കാന്‍ എല്ലാ ശ്രമങ്ങളും ജില്ലാ ഭരണകൂടം നടത്തുന്നുണ്ട്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ